”മദ്യപാനം മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടായി, നിര്‍ത്താന്‍ കാരണം ജയസൂര്യയുടെ കഥാപാത്രം”
ജയസൂര്യ നായകനായെത്തിയ ‘വെള്ളം’ സിനിമ കണ്ടതോടു കൂടി ജീവിതത്തില്‍ വന്നെത്തിയ മാറ്റത്തെ കുറിച്ച് പറഞ്ഞ് നടന് അജു വര്‍ഗീസ്. ഒരു തമാശയ്ക്ക് തുടങ്ങിയ മദ്യപാനം ഒഴിവാക്കാന്‍ കഴിയാത്തൊരു സാഹചര്യത്തിലേക്ക് വരെ എത്തിയിരുന്നെന്നുമാണ് അജു പറയുന്നത്. വെള്ളം സിനിമ കണ്ടതോടെയാണ് ഇതിനൊക്കെ മാറ്റം വന്നതെന്നാണ് നടന്റെ വെളിപ്പെടുത്തല്‍. സിനിമ തന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
മദ്യപാനം ഒരിക്കലും ശീലമായിരുന്നില്ലെന്നും എങ്ങനെയൊക്കെയോ വന്നു തുടങ്ങിയതാണെന്നുമാണ് അജു വര്‍ഗീസ് പറയുന്നത്. മാനസിക സമ്മര്‍ദവും പിരിമുറുക്കവും വരുമ്പോഴാണ് ഇതുപോലുള്ള ശീലങ്ങള്‍ കണ്ടെത്തി തുടങ്ങിയിരുന്നത്. പിന്നീട് മദ്യപാനം ഒരു പരിധി കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകാന്‍ തുടങ്ങി. ഇതു മൂലം തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് പോലും പ്രയാസമുണ്ടാകാന്‍ തുടങ്ങിയെന്നാണ് അജു പറയുന്നത്.
ആ സമയത്താണ് താന്‍ വെള്ളം സിനിമ കണ്ടതെന്നും താന്‍ അതില്‍ ജയസൂര്യ അവതരിപ്പിച്ച മുരളിയുടെ കഥാപാത്രത്തിലേക്ക് അധികം വൈകാതെ എത്തുമെന്ന് ഒരു തോന്നലുണ്ടാക്കി. അത് തന്നില്‍ ഒരു ഷോക്കിങ് ഉണ്ടാക്കിയെന്നുമാണ് നടന്റെ വെളിപ്പെടുത്തല്‍. ഈ ഒരു തോന്നല്‍ ഞെട്ടലും ഭയവും ഉണ്ടാക്കിയെന്നും തുടര്‍ന്നാണ് മദ്യപാനം നിര്‍ത്താന്‍ തീരുമാനിച്ചതെന്നുമാണ് അജു വര്‍ഗീസ് പറഞ്ഞത്.
2010-ല്‍ വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് അജു അഭിനയ രംഗത്തേക്ക് വരുന്നത്.
തട്ടത്തില്‍ മറയത്ത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് നടന് ജനപ്രീതി നേടികൊടുത്തത്. 2019-ല്‍ പുറത്തിറങ്ങിയ ഹെലന് എന്ന ചിത്രത്തിലൂടെയാണ് നടന് സീരിയസ് വേഷങ്ങളിലേക്ക് കടന്നത്. സഹനടനായും കോമേഡിയനായും കരിയര്‍ ആരംഭിച്ച അജു ഇപ്പോള്‍ വില്ലന്‍, നായകന് തുടങ്ങി എല്ലാ റോളുകളിലും തിളങ്ങാറുണ്ട്. അജുവിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം സ്വര്‍ഗമാണ്.