KeralaNEWS

സംഘനൃത്തത്തില്‍ തമ്മിലടി; വിധികര്‍ത്താക്കള്‍ ഓടി മുറിയില്‍ കയറി വാതിലടച്ചു, തിരുവനന്തപുരം ജില്ലാ കലോത്സവത്തില്‍ സംഘര്‍ഷം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തില്‍ സംഘര്‍ഷം. പെണ്‍കുട്ടികളുടെ സംഘനൃത്തത്തിന്റെ വിധി നിര്‍ണയത്തിന് എതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വഴുതക്കാട് കാര്‍മല്‍ സ്‌കൂളിനായിരുന്നു ഒന്നാം സ്ഥാനം. ഇതിനെതിരെ കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് പ്രതിഷേധിച്ചത്.

കാര്‍മല്‍ സ്‌കൂളിനു ഒന്നാം സ്ഥാനം ലഭിക്കുമെന്നും വിധികര്‍ത്താക്കളെ മാറ്റണമെന്നും ആവശ്യപ്പെട്ട് കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നേരത്തെ തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ വിധികര്‍ത്താക്കളെ അധികൃതര്‍ മാറ്റിയില്ല. ഇതിനുപിന്നാലെ മത്സരം കഴിഞ്ഞ് കാര്‍മല്‍ സ്‌കൂളിന് ഒന്നാംസ്ഥാനം ലഭിക്കുകയായിരുന്നു.

Signature-ad

മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത് എന്നാണ് കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ മറ്റൊരു ആരോപണം. വിധികര്‍ത്താക്കള്‍ മാത്രം ഇരിക്കേണ്ടിടത്ത് സംഘാടകര്‍ ഉള്‍പ്പെടെ 7 പേര്‍ ഇരുന്നാണ് വിധി നിര്‍ണയിച്ചതെന്നും ഇതിന്റെ വിഡിയോ കൈവശമുണ്ടെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.

പ്രതിഷേധം ഉയര്‍ന്നതോടെ വിധികര്‍ത്താക്കള്‍ ഓടി മുകളിലെ മുറിയില്‍ കയറി വാതിലടച്ചു. കുട്ടികളും അധ്യാപകരും മൂന്നു മണിക്കൂറോളം മുറിക്കു മുന്നില്‍ കുത്തിയിരുന്നു പ്രഷേധിച്ചു. പൊലീസ് എത്തിയാണ് വിധികര്‍ത്താക്കളെ മാറ്റിയത്. വിദ്യാര്‍ഥിനികളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. വൈകുന്നേരം 5 മണിക്ക് നടക്കേണ്ടിയിരുന്ന സംഘനൃത്തം ഏറെ വൈകി 10.30നാണ് ആരംഭിച്ചത്.

Back to top button
error: