https://youtu.be/vD2J7K1R4WU
എം.ശിവശങ്കറിനു ജാമ്യം നല്‍കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ട്. അയതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്നത്.
കണക്കില്‍ പെടാത്ത 64 ലക്ഷം രൂപ തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലായ അവസരത്തില്‍ ശിവശങ്കര്‍ ജാമ്യത്തില്‍ തുടരുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഈ കേസില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ ഇഡി ചൂണ്ടിക്കാട്ടുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പദ്ധതിയില്‍ നിന്നു സ്വപ്നയ്ക്കു ലഭിച്ച 1.05 കോടി രൂപ കമ്മിഷനില്‍ 64 ലക്ഷം രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന നിഗമനത്തിലായിരുന്നു ഇഡി. ഈ തുക കൈമാറിയ യുഎഇ കോണ്‍സുലേറ്റിലെ ഈജിപ്ത് പൗരന്‍ ഖാലിദ് അലി ഷൗക്രിയെ ശിവശങ്കറിന് അടുത്തറിയാമെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു.
98 ദിവസത്തെ വിചാരണ തടവിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഫെബ്രുവരി 3ന് ജയില്‍ മോചിതനാകുന്നത്. രണ്ട് ലക്ഷം രൂപ ബോണ്ടിന്‍മേലും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതി ജാമ്യാപേക്ഷ അംഗീകരിച്ചത്. സ്വര്‍ണക്കടത്ത്, കളളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ നേരത്തെ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നെങ്കിലും സ്വര്‍ണക്കടത്ത് ആരോപിച്ച് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ വന്നതോടെ ശിവശങ്കറിന് ജാമ്യം ലഭിക്കുകയായിരുന്നു.
ഒക്ടോബര്‍ 28നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ കസ്റ്റംസ് രണ്ട് കേസുകള്‍ കൂടി ചുമത്തി. നവംബറില്‍ സ്വര്‍ണക്കടത്ത് കേസിലും ജനുവരിയില്‍ ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേന്ദ്ര ഏജന്‍സികളുടെ റഡാറില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമനുമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കാണ് തുടക്കമിട്ടത്.