CrimeNEWS

മദ്യം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ കേസ്

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതി. ജൂനിയര്‍ വനിതാ ഡോക്ടറുടെ പരാതിയില്‍ സര്‍ജനായ ഡോക്ടര്‍ സെര്‍ബിന്‍ മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. അന്വേഷണ വിധേയമായി ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ജനായ ഡോക്ടര്‍ സെര്‍ബിന്‍ മുഹമ്മദ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് ജൂനിയര്‍ വനിതാ ഡോക്ടറുടെ പരാതി. ആശുപത്രിയില്‍ ഡോക്ടറുടെ മുറിയില്‍ വച്ച് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനാണ് ആദ്യം പരാതി നല്‍കിയത്. രണ്ടാഴ്ച മുന്‍പ് വകുപ്പ് തല അന്വേഷണം നടത്തിയ ശേഷം സെര്‍ബിന്‍ മുഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പാരിപ്പള്ളി പൊലീസിന് കൈമാറിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ജൂനിയര്‍ ഡോക്ടറുടെ മൊഴിയും പൊലീസ് വിശദമായി രേഖപ്പെടുത്തി.

Signature-ad

മദ്യ ലഹരിയില്‍ ആയിരുന്നു സെര്‍ബിന്‍ മുഹമ്മദിന്റെ പീഡനശ്രമം എന്നും പരാതിക്കാരി മൊഴി നല്‍കി. കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതായി പാരിപ്പള്ളി പൊലീസ് അറിയിച്ചു. ഡോക്ടറെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയാണ് ഡോക്ടര്‍ സെര്‍ബിന്‍ മുഹമ്മദ്. യുവ ഡോക്ടറുടെ പരാതിയില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം മെഡിക്കല്‍ കോളജില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. ആരോപണ വിധേയനായ ഡോക്ടര്‍ മദ്യപിച്ച ശേഷം ഡ്യൂട്ടിക്ക് എത്തിയിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: