KeralaNEWS

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുതിപ്പ്; പാലക്കാട് വിജയാഹ്‌ളാദ പ്രകടനവുമായി എസ്ഡിപിഐ

പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയം ഉറപ്പിക്കുന്നതിനിടെ പാലക്കാട് നഗരത്തില്‍ വിജയാഹാളാദ പ്രകടനവുമായി എസ്ഡിപിഐ. വിക്ടോറിയ കോളേജിന് മുന്നിലായിരുന്നു എസ്ഡിപിഐ പ്രവര്‍ത്തകരുടെ ആഹ്‌ളാദപ്രകടനം. പാലക്കാട് കോണ്‍ഗ്രസിന് എസ്ഡിപിഐയുടെ പിന്തുണയുണ്ടെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു. എസ്ഡിപിഐയെ മുന്നില്‍ നിര്‍ത്തി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്നായിരുന്നു എ.എ റഹിം എംപിയുടെ ആരോപണം.

തിരഞ്ഞെടുപ്പിന് ശേഷം ഇതുണ്ടാക്കാന്‍ പോകുന്നത് വലിയ അപകടമാണ്. കോണ്‍ഗ്രസിന് ഉറപ്പിക്കാന്‍ കഴിയുന്നത് മൂന്ന് വിഭാഗത്തിന്റെ വോട്ടുകളാണ്. അതില്‍ ഒന്ന് എസ്ഡിപിഐയുടേതാണ്. രണ്ടാമത്തേത് മുസ്ലിം ലീഗിന്റെ വോട്ടുകള്‍. മൂന്നാമത്തേത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകളാണെന്നും എ എ റഹീം പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രഖ്യാപിത സഖ്യകക്ഷിയായി എസ്ഡിപിഐ മാറിയെന്നും എ എ റഹീം ആരോപിച്ചിരുന്നു.

Signature-ad

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് എസ്ഡിപിഐ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ മാന്യത കാരണമാണ് പുറത്ത് പറയാത്തതെന്നും എസ്ഡിപിഐ വ്യക്തമാക്കി. പിന്തുണച്ചതിന്റെ ഫലം ലഭിച്ചെന്നും എസ്ഡിപിഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എസ്ഡിപിയോട് ശരിയായ നിലപാട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വില കൊടുക്കേണ്ടിവരുമെന്നും, ബിജെപി വിരുദ്ധ നിലപാടിന്റെ പേരില്‍ എന്നും ഒരേ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നുമായിരുന്നു എസ്ഡിപിഐയുടെ പ്രതികരണം. നേമത്ത് ശിവന്‍കുട്ടി ജയിച്ചത് എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് കൊണ്ടാണ്. മഞ്ചേശ്വരത്ത് ത്യാഗം ചെയ്യുന്നത് കാരണമാണ് ലീഗ് ജയിക്കുന്നതെന്നും എസ്ഡിപിഐ ആരോപിച്ചിരുന്നു.

പാലക്കാട് ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം പതിനെട്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയരഥത്തിലേറിക്കഴിഞ്ഞു. പോസ്റ്റല്‍ വോട്ടുകളിലും ആദ്യമണിക്കൂറുകളിലും മുന്നിലായിരുന്ന ബി ജെ പി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുല്‍ പിന്നിലാക്കിയത്. ബിജെപി കോട്ടകള്‍ പൊളിച്ചടുക്കിയാണ് രാഹുലിന്റെ കുതിപ്പ്. പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെല്ലാം നിലവില്‍ രാഹുലാണ് മുന്നില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. സരിനും നിഷ്പ്രഭനായ അവസ്ഥയിലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: