ആലപ്പുഴ: വീടിന്റെ കിടപ്പുമുറിയിലെ അലമാരയ്ക്കു തീയിട്ട ശേഷം സ്വര്‍ണം അപഹരിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാവേലിക്കര പുന്നമൂട് പോനകം ഹരിഹരം ജയപ്രകാശിന്റെ വീട്ടില്‍ വ്യാഴാഴ്ച വൈകിട്ട് ആറോടെയാണു മോഷണം നടന്നത്. വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ജയപ്രകാശും മരുമകള്‍ ഗായത്രിയും വൈകിട്ട് നടക്കാന്‍ പോയി. ജയപ്രകാശിന്റെ ഭാര്യ ഹേമലത കരയോഗത്തില്‍ തിരുവാതിര പരിശീലനത്തിനും പോയിരുന്നു.
സന്ധ്യയോടെ വീട്ടില്‍ നിന്നു പുക ഉയരുന്നതു കണ്ട അയല്‍വാസികള്‍ അറിയിച്ചതനുസരിച്ചു വീട്ടുകാരെത്തി വീടു തുറന്നു നോക്കിയപ്പോഴാണു കിടപ്പുമുറിയിലെ അലമാര കത്തുന്നതു കണ്ടത്. മാവേലിക്കരയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയാണു തീ പൂര്‍ണമായും അണച്ചത്.
കത്തിയ അലമാരയില്‍നിന്ന് മോഷണം നടന്നതായി സൂചനയില്ല. വീട്ടിലെ മറ്റൊരു അലമാരയില്‍ സൂക്ഷിച്ചിരുന്ന 31 പവന്റെ സ്വര്‍ണാഭരണം മോഷണം പോയെന്നാണു വീട്ടുകാര്‍ പൊലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ മറ്റൊരു അലമാരയില്‍ ഉണ്ടായിരുന്ന സ്വര്‍ണം നഷ്ടമായില്ല. വീടിന്റെ വാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്തു കടന്നതിനു തെളിവുകളൊന്നും ലഭിച്ചില്ലെന്നു എസ്എച്ച്ഒ സി. ശ്രീജിത് പറഞ്ഞു.
സിറ്റൗട്ടില്‍ സൂക്ഷിച്ചിരുന്ന വീടിന്റെ താക്കോല്‍ അവിടെത്തന്നെ ഉണ്ടായിരുന്നെന്നു വീട്ടുകാര്‍ പറയുന്നു. വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും ഇന്നലെ പകല്‍ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. സംഭവം നടന്ന മുറിയില്‍ നിന്നു വ്യക്തമായ വിരലടയാളം ലഭിച്ചില്ല.
അഗ്‌നിരക്ഷാസേനയെത്തി തീയണയ്ക്കാന്‍ വെള്ളം ഒഴിച്ചപ്പോള്‍ വിരലടയാളം നഷ്ടമായെന്നാണു പ്രാഥമിക സൂചന. മോഷണം നടന്ന വീടിന്റെ സമീപ പ്രദേശത്തെ വിവിധ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചു പൊലീസ് പരിശോധന ആരംഭിച്ചു.