NEWSWorld

അനധികൃതമായി റഷ്യയിലേക്ക് സൈനികവസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ ശ്രമം, അമേരിക്കയില്‍ ഇന്ത്യക്കാരന്‍ പിടിയില്‍

വാഷിംഗ്ടണ്‍: റഷ്യയിലേക്ക് അനധികൃതമായി സൈനിക വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇന്ത്യക്കാരന്‍ അമേരിക്കയില്‍ പിടിയിലായി. 57കാരനായ സഞ്ജയ് കൗശിക്കിനെയാണ് അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംശയത്തെ തുടര്‍ന്ന് ഒക്ടോബര്‍ 17ന് മിയാമിയില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കൗശിക്കിനെതിരെ അമേരിക്കയിലെ നീതിന്യായവകുപ്പ് കുറ്റം ചുമത്തിയത്.

ഇരട്ട സിവിലിയന്‍,സൈനിക ആപ്ലിക്കേഷനുകള്‍ എന്നിവയുപയോഗിച്ച് റഷ്യയിലേക്ക് അമേരിക്കയില്‍ നിന്ന് കൂടുതല്‍ വ്യോമയാനഘടകങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരെയുളള കുറ്റം. ഒറിഗോണില്‍ നിന്ന് ഇന്ത്യ വഴി റഷ്യയിലേക്ക് നാവിഗേഷന്‍ ആന്‍ഡ് ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിച്ച് നിയമവിരുദ്ധമായി സാധനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെയുളള കുറ്റം തെളിയിക്കപ്പെട്ടാല്‍ ഓരോ കുറ്റത്തിനും പരമാവധി 20 വര്‍ഷം തടവും ഒരു മില്യണ്‍ ഡോളര്‍ വരെ പിഴയും ചുമത്തും. 2023 മാര്‍ച്ച് മുതല്‍ റഷ്യയിലെ സ്ഥാപനങ്ങള്‍ക്കായി അമേരിക്കയില്‍ നിന്ന് നിയമവിരുദ്ധമായി ബഹിരാകാശ വസ്തുക്കളും സാങ്കേതികവിദ്യയും നേടിയെടുക്കാന്‍ കൗശിക് ഗൂഢാലോചന നടത്തിയതയാണ് വിവരം.

Signature-ad

അടുത്തിടെ റഷ്യയ്ക്ക് സൈനിക സഹായം നല്‍കിയെന്ന് ആരോപിച്ച് വിവിധ രാജ്യങ്ങളിലെ 275 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ 15 ഇന്ത്യന്‍ കമ്പനികളും ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് പുറമെ ചൈന, സ്വിറ്റ്‌സര്‍ലന്‍ഡ്.തായ്‌ലന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

രണ്ട് വര്‍ഷത്തിലേറെയായി റഷ്യ അയല്‍രാജ്യമായ യുക്രെയ്നുമായി യുദ്ധത്തിലാണ്. അതിനാല്‍ തന്നെ സൈനികമേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും റഷ്യയ്ക്ക് ആവശ്യമാണ്. ഇവ നല്‍കിയതിനാണ് ഈ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയത്.

 

 

Back to top button
error: