KeralaNEWS

സന്നിധാനത്ത് നിന്ന് ഇതുവരെ കസ്റ്റഡിയിലെടുത്ത് 33 ‘അതിഥികളെ’

ശബരിമല: മണ്ഡല തീര്‍ത്ഥാടനം തുടങ്ങിയ ശേഷം സന്നിധാനത്തുനിന്ന് ഇതുവരെ 33 പാമ്പുകളെ വനം വകുപ്പ് പിടികൂടി ഉള്‍വനത്തില്‍ വിട്ടു. അങ്ങേയറ്റം അപകടകാരികളായ അണലികള്‍ സന്നിധാനത്ത് ധാരാളമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ 5 അണലികളെയും 14 കാട്ടുപാമ്പുകളെയും പിടികൂടി. കാട്ടുപാമ്പുകള്‍ വിഷമില്ലാത്തവയാണ്. എങ്കിലും ഏതാണ് വിഷമുള്ളവയെയും വിഷമില്ലാത്തവയെയും തിരിച്ചറിയാന്‍ പലര്‍ക്കും സാധിച്ചെന്നു വരില്ല. ആളുകളില്‍ ഭീതിയുണ്ടാക്കും എന്നതിനാല്‍ ഇവയെയും കാട്ടിലേക്ക് വിടുകയാണ് ചെയ്യുന്നത്.

ശബരിമലയില്‍ അംഗീകൃത പാമ്പ് പിടുത്തക്കാര്‍ സജീവമായി രംഗത്തുണ്ട്. ഇവരുടെ സഹായത്തോടെയാണ് 33 പാമ്പുകളെ പിടികൂടിയത്. എലിഫന്റ് സ്‌ക്വാഡുകള്‍ ഉള്‍പ്പെടെയുള്ള വനപാലകര്‍ തീര്‍ത്ഥാടകരുടെ സുരക്ഷ ഒരുക്കാന്‍ സജ്ജരാണ്. സന്നിധാനത്തു നിന്നു മാത്രം ഇതുവരെ 93 കാട്ടു പന്നികളെ പിടികൂടിയിട്ടുണ്ട്. ഇവയെ ഉള്‍വനത്തില്‍ വിട്ടു.

Signature-ad

മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെയുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ വനംവകുപ്പ് മുമ്പോട്ടു വെക്കുന്നുണ്ട്. സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് പരമ്പരാഗത പാതകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് അവയില്‍ പ്രധാനമായത്.കുറുക്ക് വഴികളിലൂടെ യാത്ര ചെയ്യുന്നത് അപകടസാധ്യതകള്‍ ഉണ്ടാക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദിവാസി വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെടുന്ന വനംവകുപ്പിന്റെ എക്കോ ഗാര്‍ഡുകളും തീര്‍ത്ഥാടകര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്. പമ്പയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂമാണ് വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ശബരിമല കാനനപാതയില്‍ പാമ്പുകടി ഏല്‍ക്കുന്നവര്‍ക്ക് ചികില്‍സ ഉറപ്പാക്കാനായി ആന്റിവെനം യൂണിറ്റുകള്‍ തുറന്നിട്ടുണ്ട്. അടിയന്തിര ചികിത്സ ഒരിക്കലും വൈകില്ല. പാമ്പുകടിക്ക് ഏറ്റവും ആദ്യം ലഭിക്കേണ്ട ആന്റിവെനം ചികിത്സ ഉറപ്പാക്കിയ ശേഷമായിരിക്കും രോഗിയെ കൂടുതല്‍ ചികിത്സയ്ക്കായി മാറ്റുക.

അടിയന്തര വൈദ്യ സഹായത്തിനു വിളിക്കാം ഇ എം സി യിലേക്ക്

ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ഏതെങ്കിലും തരത്തില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തില്‍ അടിയന്തര വൈദ്യ സഹായം ലഭിക്കുന്നതിന് 04735 203232 എന്ന എമര്‍ജന്‍സി മെഡിക്കല്‍ കണ്‍ ട്രോള്‍ റൂം നമ്പറിലേക്ക് ബന്ധപ്പെടാം. സന്നിധാനത്തേക്ക് എത്തുന്നവര്‍ക്കും മടങ്ങി പോകുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. മലകയറുമ്പോള്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പരമാവധി പാലിക്കണം. സാവധാനം മല കയറണം. ഇടയ്ക്ക് വിശ്രമിക്കണം. മല കയറുമ്പോള്‍ ശ്വാസ തടസ്സം, നെഞ്ചുവേദന, തളര്‍ച്ച എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ കയറ്റം നിര്‍ത്തി വൈദ്യസഹായം തേടണം.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: