അബുദാബി: സെപ്തംബര്‍ ഒന്നിന് ശേഷം റെസിഡന്‍സി, വിസ ചട്ടങ്ങള്‍ ലംഘിച്ച വ്യക്തികളെ എന്‍ട്രി, റെസിഡന്‍സി ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴയില്‍ നിന്ന് ഒഴിവാക്കാനുള്ള ഗ്രേസ് പിരീഡില്‍ ഉള്‍പ്പെടില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി സ്ഥിരീകരിച്ചു. സെപ്തംബര്‍ ആദ്യം അതോറിറ്റി ആരംഭിച്ച ഈ ഗ്രേസ് പിരീഡ് ഡിസംബര്‍ 31 വരെ തുടരും. സെപ്തംബര്‍ ഒന്നിന് ശേഷം റെസിഡന്‍സി, വിസ നിയമങ്ങള്‍ ലംഘിച്ച വ്യക്തികള്‍ പ്രഖ്യാപിത ഗ്രേസ് പിരീഡിന്റെ പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയാണ് ഐസിപിയുടെ പ്രസ്താവന.
നിര്‍ദ്ദിഷ്ട തീയതിക്ക് ശേഷം ഒളിച്ചോടല്‍, ജോലി ഉപേക്ഷിക്കല്‍ പോലുള്ള അഡ്മിനിസ്ട്രേറ്റീവ് കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യക്തികള്‍, യുഎഇയില്‍ നിന്നോ മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നോ നാടുകടത്തല്‍ ഉത്തരവുകള്‍ക്ക് വിധേയരായ വ്യക്തികള്‍, അനധികൃത മാര്‍ഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിച്ച വ്യക്തികള്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്ക് പൊതുമാപ്പ് ആനുകൂല്യഞ്ഞള്‍ ലഭിക്കില്ല. ഈ നിയമ ലംഘകര്‍ തുടര്‍ നടപടികള്‍ക്കായി നിയമ ലംഘകരുടെയും വിദേശികളുടെയും വകുപ്പിനെ സമീപിക്കേണ്ടതാണ്.
വിദേശ പ്രവേശന, താമസ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ പിഴയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള രണ്ട് മാസത്തേക്കാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. അതോറിറ്റി പിന്നീട് രണ്ട് മാസത്തേക്ക് കൂടി അഥവാ ഡിസംബര്‍ 31 വരെ ഗ്രേസ് പിരീഡ് നീട്ടുകയായിരുന്നു.
നിയമലംഘകര്‍ക്ക് പിഴയില്‍ നിന്നുള്ള ഇളവോടെയും രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നതില്‍ വിലക്ക് ഇല്ലാതെയും അവരുടെ പദവി ക്രമപ്പെടുത്താനുള്ള അവസാന അവസരമാണ് കാലാവധി നീട്ടിയതിലൂടെ കൈവന്നിരിക്കുന്നതെന്ന് ഐസിപി അധികൃതര്‍ അറിയിച്ചു. അതേ സമയം, അത് പ്രയോജനപ്പെടുത്താതെ നീട്ടിയ ഗ്രേസ് പിരീഡിന് ശേഷവും രാജ്യത്ത് തുടരുന്ന നിയമലംഘകര്‍ക്ക് പിഴ പുനഃസ്ഥാപിക്കും. അവര്‍ നാടുകടത്തപ്പെടുന്ന പക്ഷം മറ്റൊരു വിസയില്‍ യുഎഇയിലേക്ക് തിരികെ വരാനുമാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് രാജ്യത്തുടനീളമുള്ള അവരുടെ ലൊക്കേഷനുകളില്‍ നിയമലംഘകരെ ലക്ഷ്യമിട്ടുള്ള പരിശോധന കാമ്പെയ്നുകള്‍ ഗ്രേസ് കാലാവധിക്കു ശേഷം ശക്തമാക്കുമെന്ന് ഐ സി പി സ്ഥിരീകരിച്ചു. ഗ്രേസ് പിരീഡ് കഴിഞ്ഞാല്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
രാജ്യത്തിന്റെ മാനുഷികവും പുരോഗമനപരവുമായ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന യുഎഇയുടെ 53-ാമത് യൂണിയന് ദിനാഘോഷത്തോട് അനുബന്ധിച്ചാണ് ഗ്രേസ് പിരീഡ് നീട്ടാനുള്ള തീരുമാനമെന്ന് അതോറിറ്റി അഭിപ്രായപ്പെട്ടു. രാജ്യം വിടുകയോ പുതിയ തൊഴില്‍ കരാറുകള്‍ നേടി റസിഡന്‍സി സ്റ്റാറ്റസ് ക്രമീകരിച്ച് യുഎഇയില്‍ തുടരുകയോ ചെയ്യുന്നത് വഴി തങ്ങളുടെ പദവി ക്രമപ്പെടുത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്ന നിയമലംഘകരുടെ അപ്പീലുകള്‍, അഭിലാഷങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിവയ്ക്കുള്ള മറുപടിയായാണ് ഈ കാലാവധി നീട്ടല്‍. ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങളിലൂടെയും അതോറിറ്റിയുടെ ടീമുകള്‍ നടത്തിയ ഉപഭോക്തൃ വികാര പഠനങ്ങളിലൂടെയും ശേഖരിച്ച ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് ഇത്.