KeralaNEWS

ഗാനരചയിതാവ് എ.വി വാസുദേവന്‍ പോറ്റി അന്തരിച്ചു

പാലക്കാട്: ഭക്തി ഗാനരചയിതാവ് എ.വി വാസുദേവന്‍ പോറ്റി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. തപസ്യ കലാസാഹിത്യ വേദി പാലക്കാട് ജില്ലാ അധ്യക്ഷനായിരുന്നു. അഞ്ജന ശിലയില്‍ ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ… എന്ന ഭക്തിഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഗണപതി ഭഗവാനേ നമാമി ഗണപതി ഭഗവാനേ, നിന്‍ ദിവ്യ നാമമതെന്നും ചോറ്റാനിക്കര അമ്മേ, പാടുന്നു ഞാനിന്നും കാടാമ്പുഴയിലെത്തി, വിശ്വമോഹിനി ജഗദംബികേ ദേവി, മൂകാംബികേ ദേവി മൂകാംബികേ തുടങ്ങിയ അദ്ദേഹത്തിന്റെ ?ഗാനങ്ങളും പ്രശസ്തമാണ്.

Signature-ad

1995 ല്‍ പുറത്തിറങ്ങിയ കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ചിത്രത്തില്‍ ജീവനേ എന്ന പാട്ടെഴുതി ചലച്ചിത്ര ഗാനരംഗത്തും സാന്നിധ്യമറിയിച്ചു. റെയില്‍വെയില്‍ ചീഫ് ടിക്കറ്റ് എക്‌സാമിനറായി വിരമിച്ച ശേഷം ഒലവക്കോടിനടുത്ത് കാവില്‍പ്പാടിലായിരുന്നു താമസം. പത്തൊന്‍പതാം വയസില്‍ കവിതകളെഴുതി ശ്രദ്ധേയനായി.

1989ല്‍ പുറത്തിറങ്ങിയ മണ്ണാറശാല നാഗ സ്തുതികള്‍ ആയിരുന്നു പോറ്റിയുടെ ആദ്യ ആല്‍ബം. അയ്യപ്പനെക്കുറിച്ചുള്ള ഗാനങ്ങളുടെ സമാഹാരമായ തത്ത്വമസി, 1993ല്‍ മാഗ്ന സൗണ്ട് പുറത്തിറക്കിയ ദേവീഗീതം എന്നീ ആല്‍ബങ്ങളിലൂടെ ഭക്തിഗാന രചയിതാവായി അറിയപ്പെട്ടു. ഭാര്യ: പാലാ തുണ്ടത്തില്‍ ഇല്ലം നിര്‍മല. മക്കള്‍: സുനില്‍, സുജിത്ത്. മരുമക്കള്‍: രഞ്ജിമ, ദേവിക. സംസ്‌കാരം ഇന്ന്  വീട്ടുവളപ്പില്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: