IndiaNEWS

മണിപ്പുരില്‍ ജനപ്രതിനിധികള്‍ക്കും രക്ഷയില്ല; 13 എം.എല്‍.എമാരുടെ വീടുകള്‍ തകര്‍ത്തു

ഇംഫാല്‍: കലാപം തുടരുന്ന മണിപ്പുരില്‍, ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെ ആക്രമണം രൂക്ഷമാകുന്നു. ഒന്‍പത് ബി.ജെ.പി എം.എല്‍.എമാരുടേത് ഉള്‍പ്പടെ ഇംഫാല്‍ താഴ്വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തു. ഞായറാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ആളക്കൂട്ട ആക്രമണങ്ങള്‍ക്കും തീവെപ്പുകള്‍ക്കും ശേഷമായിരുന്നു സംഭവം.

പൊതുമരാമത്ത് മന്ത്രി ഗോവിന്ദാസ് കോന്തൗജം, ബി.ജെ.പി എം.എല്‍.എമാരായ വൈ.രാധേശ്യാം, പവോനം ബ്രൊജെന്‍, കോണ്‍ഗ്രസ് നിയമസഭാംഗം ടി.എച്ച്. ലോകേഷ്വര്‍ എന്നിവരുടെ ഉള്‍പ്പടെ വീടുകളാണ് നശിപ്പിക്കപ്പെട്ടത്. ബി.ജെ.പി എം.എല്‍.എ കോംഖാം റോബിന്‍ദ്രോയെ കാണമെന്ന് ആവശ്യപ്പെട്ടെത്തിയ കലാപകാരികള്‍ അദ്ദേഹത്തിന്റെ വീട് തകര്‍ത്തതായി പോലീസ് പറഞ്ഞു.

Signature-ad

കഴിഞ്ഞദിവസങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെ വസതിയിലേക്ക് ജനക്കൂട്ടം ഇരച്ചുകയറി. ഉപഭോക്തൃ-പൊതുവിതരണ മന്ത്രി എല്‍. സുശീന്ദ്രോ സിങ്ങിന്റെ വീട്ടിലും പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ പ്രക്ഷോഭകര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ മരുമകന്‍ കൂടിയായ ബിജെപി നിയമസഭാംഗം ആര്‍.കെ. ഇമോയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടി. സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യവും വിളിച്ചു.

ജിരിബാമില്‍നിന്ന് സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് വീണ്ടും മണിപ്പുര്‍ സംഘര്‍ഷഭരിതമായത്. മെയ്തെയ് വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച ആറുപേരും. കൊലപാതകത്തിന് പിന്നില്‍ കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് എന്നാണ് ആരോപണം. ജിരിബാം സ്വദേശിയായ ലൈഷാറാം ഹെരോജിതിന്റെ കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ച ആറുപേരും.

അദ്ദേഹത്തിന്റെ രണ്ട് മക്കളും, ഭാര്യയും, ഭാര്യാമാതാവും, ഭാര്യയുടെ സഹോദരിയും, അവരുടെ മകനുമാണ് മരിച്ചത്. ദുരിതാശ്വാസക്യാമ്പില്‍നിന്ന് സായുധസംഘം ഇവരെ തട്ടിക്കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കൊലപാതകവിവരം പുറത്തറിഞ്ഞതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും പരക്കെ അക്രമമുണ്ടായി. വ്യാപക അക്രമങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ് ജില്ലകളില്‍ അനിശ്ചിതകാലത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. 23 അക്രമികളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: