IndiaNEWS

എഎപിക്ക് പണിയാകും ഈ രാജി; കൈലാഷ് ഗഹ്ലോട്ട് ജനപ്രിയ പദ്ധതികളുടെ സൂത്രധാരന്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങേണ്ട സമയത്ത് മുതിര്‍ന്ന നേതാവും മന്ത്രിയുമൊക്കെയായ കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടത് ആം ആദ്മി പാര്‍ട്ടിക്ക്(എഎപി) ക്ഷീണമാണെന്നാണ് വിലയിരുത്തല്‍. ഭരണ രംഗത്തും അല്ലാതെയും എഎപിക്ക് മുതല്‍കൂട്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ക്ക് തന്നെ ഗഹ്ലോട്ടിന്റെ പരിഭവം എഎപിക്കുള്ളില്‍ ചര്‍ച്ചയായിരുന്നു. എന്ന് ഇറങ്ങും എന്ന് മാത്രമെ അറിയാനുണ്ടായിരുന്നുള്ളൂവെന്നാണ് എഎപി നേതാക്കള്‍ വ്യക്തമാക്കുന്നത്. ഗതാഗതം, ആഭ്യന്തരം, വനിതാ ശിശുക്ഷേമം, ഭരണപരിഷ്‌കാരങ്ങള്‍, ഐടി തുടങ്ങി ജനങ്ങളുമായി ഏറെ അടുത്ത് കിടക്കുന്ന വകുപ്പുകളാണ് ഗഹ്ലോട്ട് കൈകാര്യം ചെയ്തിരുന്നത്.

Signature-ad

തെരഞ്ഞടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഗഹ്ലോട്ടിന്റെ രാജി, ക്ഷേമപദ്ധതികളുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാനുള്ള എഎപിയുടെ നീക്കങ്ങള്‍ക്കും തിരിച്ചടിയാകും. ജാട്ട് സമുദായത്തിനിടയില്‍ സ്വാധീനമുള്ള നേതാവായിരുന്നു അദ്ദേഹം. ഈ വിഭാഗത്തിലുള്ള വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഗഹ്ലോട്ട് തന്നെ ധാരാളമായിരുന്നു.

കേന്ദ്രത്തിനെതിരായ എഎപിയുടെ നിരന്തര പോരാട്ടവും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലെ ശ്രദ്ധക്കുറവുമാണ് പാര്‍ട്ടി വിടാനുള്ള കാരണങ്ങളായി ഗഹ്ലോട്ട് വ്യക്തമാക്കുന്നത്. രാഷ്ട്രീയ അജണ്ട, മദ്യനയക്കേസുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങള്‍, മുഖ്യമന്ത്രിയുടെ വീട് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട സാഹചര്യം എന്നിവയേയൊക്കെ അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.

അതേസമയം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതൃത്വത്തോട് അദ്ദേഹം കുറച്ചുകാലമായി രസത്തിലായിരുന്നില്ലെന്നാണ് എഎപി നേതാക്കള്‍ വ്യക്തമാക്കുന്നത്. തന്നെക്കാള്‍ ജൂനിയറായ അതിഷിയെ മുഖ്യമന്ത്രിയാക്കിയതിലും പ്രധാനവകുപ്പുകള്‍ കൈമാറിയിയതിലും ഗഹ്ലോട്ടിന് പരിഭവമുണ്ട്. തന്നെ ഒതുക്കുകയാണോ എന്ന സംശയം അദ്ദേഹത്തിന്റെ അടുപ്പക്കാരോട് പങ്കുവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയുമായുള്ള ഗഹ്ലോട്ടിന്റെ അടുപ്പവും പാര്‍ട്ടിക്ക് പിടിച്ചിട്ടില്ല. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പിന്റെ നിരവധി പരിപാടികളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അതിഥിയായിരുന്നു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ തന്റെ അഭാവത്തില്‍ പതാക ഉയര്‍ത്താന്‍ അതിഷിയെയാണ് അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശിച്ചത്. എന്നാല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍, ആ നിര്‍ദേശം നിരസിക്കുകയും ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ഗഹ്ലോട്ടിനെ ക്ഷണിക്കുകയും ചെയ്തു. ഇതെല്ലാം പാര്‍ട്ടിയുടെ മനസിലുണ്ട്.

അതിനാലൊക്കെ തന്നെ ബിജെപിയിലേക്ക് ആകും ഗെഹ്ലോട്ട് കൂടുമാറുക എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ മണ്ഡലമായ നജഫ്ഗഢില്‍ നിന്നും ബിജെപി ടിക്കറ്റില്‍ തന്നെയാകും 2025ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ അദ്ദേഹം നേരിടുക. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

അതേസമയം, അദ്ദേഹം സ്വയം പുറത്തേക്കുള്ള വഴി തെരഞ്ഞെടുത്തത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാന്‍ പോന്നതാണ്. ഡല്‍ഹിയില്‍ നടത്തിയതും നടക്കാനിരിക്കുന്നതുമായ ജനപ്രിയ പദ്ധതികളുടെ സൂത്രധാരനായിരുന്നു ഗഹ്ലോട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തുറുപ്പ് ചീട്ടായേക്കാവുന്ന ‘മഹിളാ സമ്മാന് രാശി’ എന്ന പദ്ധതി നടപ്പിലാക്കാന്‍ ഓടി നടക്കുകയായിരുന്നു അദ്ദേഹം. ഈ പദ്ധതി പ്രകാരം 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള സ്ത്രീകള്‍ക്ക് എല്ലാ മാസവും 1000 രൂപ ലഭിക്കും. പദ്ധതി വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥരുമായി നിരന്തരം ചര്‍ച്ചയും അദ്ദേഹം നടത്തുന്നുണ്ടായിരുന്നു.

ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയൊരുക്കിയ പിങ്ക് പാസ്, മുതിര്‍ന്ന പൗരന്മാരുടെ തീര്‍ത്ഥാടനം ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി തീര്‍ത്ഥ യാത്ര യോജന, ഇലക്ട്രിക് വെഹിക്കിള്‍ പോളിസി, തുടങ്ങിയ ‘ഹിറ്റ്’ പദ്ധതികളുടെ ഒരറ്റത്ത് ഗഹ്ലോട്ടും ഉണ്ടായിരുന്നു. ഗതാഗത മന്ത്രിയെന്ന നിലയില്‍, ദേശീയ തലസ്ഥാനത്തെ ഇലക്ട്രിക് ബസ് വിപ്ലവത്തിനും ബസ് ഡിപ്പോകളുടെ വൈദ്യുതീകരണത്തിനും തുടക്കമിട്ടതിന്റെ ബഹുമതിയും ഗഹ്ലോട്ടിനാണ്.

ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന അപൂര്‍വം എഎപി രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ഗഹ്ലോട്ട്. മിത്രോണ്‍ ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ നിന്നാണ് രാഷ്ട്രീയ നേതാവായി വളര്‍ന്ന് മന്ത്രിസ്ഥാനത്ത് വരെ എത്തിയത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിയമപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയില്‍ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015ല്‍ എഎപിയില്‍ ചേര്‍ന്ന ഗഹ്ലോട്ട് പാര്‍ട്ടിയുടെ ജാട്ട് മുഖമായിരുന്നു. അതേവര്‍ഷം തന്നെ അദ്ദേഹത്തിന് നജഫ്ഗഡില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചു. 1,550 വോട്ടുകളുടെ നേരിയ വ്യത്യാസത്തിലാണ് വിജയിച്ചത്. 2020ലും മണ്ഡലം നിലനിര്‍ത്തിയ അദ്ദേഹം ലീഡ് ആറായിരത്തിലേക്ക് ഉയര്‍ത്തി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: