NEWSWorld

ട്രംപിന്റെ കാബിനറ്റില്‍ മസ്‌കും കേരളത്തില്‍ വേരുള്ള വിവേക് രാമസ്വാമിയും

വാഷിങ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാബിനറ്റില്‍ ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് (ട്വിറ്റര്‍) എന്നിവയുടെ മേധാവിയുമായ ഇലോണ്‍ മസ്‌കും. മസ്‌കിനൊപ്പം ഇന്ത്യന്‍ വംശജനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവും കേരളത്തില്‍ വേരുകളുമുള്ള വിവേക് രാമസ്വാമിയുമുണ്ടാകും. പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (ഡോജ്) ചുമതലയായിരിക്കും ഇവര്‍ക്ക്.

മസ്‌കും വിവേകും ചേര്‍ന്ന് തന്റെ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥൃതല പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും അധികച്ചെലവുകളില്‍ നിയന്ത്രിക്കുമെന്നും ട്രംപ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. സര്‍ക്കാരിന്റെ കീഴിലെ ഫെഡറല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കാനും ഇരുവരും മുന്‍കയ്യെടുക്കും. സര്‍ക്കാരിലെ ‘മാലിന്യങ്ങളെയും’ തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) മസ്‌കിനും വിവേകിനും കഴിയുമെന്നും ട്രംപ് പറഞ്ഞു.

Signature-ad

ഡോജിന്റെ ഓരോ പ്രവര്‍ത്തനവും ഓണ്‍ലൈനില്‍ ലഭ്യമാക്കി സുതാര്യത ഉറപ്പുവരുത്തുമെന്നും ഡോജ് എന്തെങ്കിലും പ്രത്യേകമായി ചെയ്യേണ്ടതുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നിയാല്‍ അറിയിക്കണമെന്നും ഇലോണ്‍ മസ്‌ക് എക്‌സില്‍ പ്രതികരിച്ചു. കാബിനറ്റിലേക്ക് എത്തുന്ന കാര്യം വിവേക് രാമസ്വാമിയും എക്‌സിലൂടെ ശരിവച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനുവേണ്ടി സജീവമായി പ്രചാരണ രംഗത്ത് മസ്‌കുണ്ടായിരുന്നു. 38 കാരനായ വിവേക് രാമസ്വാമി തുടക്കത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് ട്രംപിനു വേണ്ടി മാറുകയും പ്രചാരണരംഗത്ത് ശക്തമായ സാന്നിധ്യമാവുകയും ചെയ്തിരുന്നു. പാലക്കാട് വടക്കഞ്ചേരി സ്വദേശി സി.ആര്‍. ഗണപതി അയ്യരുടെയും ഗീത രാമസ്വാമിയയുടെയും മകനാണ് വിവേക്. തൃപ്പൂണിത്തുറയാണ് ഗീതയുടെ സ്വദേശം. തമിഴാണ് കുടുംബത്തില്‍ സംസാരിക്കുന്നതെങ്കിലും വിവേകിന് മലയാളവും അറിയാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: