തിരുവനന്തപുരം: പാര്‍ട്ടിയുമായി ഇടഞ്ഞ് നില്ക്കുന്ന സന്ദീപ് വാര്യര്‍ക്കെതിരേ നടപടിയെടുക്കാനൊരുങ്ങി ബി.ജെ.പി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഉപതിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് വിട്ടുനിന്നതും പരസ്യ പ്രതികരണങ്ങളും അച്ചടക്ക ലംഘനമായി കണക്കാക്കിയാകും നടപടി. പാര്‍ട്ടി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടും സന്ദീപ് കടുംപിടുത്തം തുടര്‍ന്നു എന്നാണ് വിമര്‍ശനം.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നടപടിയുണ്ടാവുമെന്നാണ് ബി.ജെ.പി നേതാക്കളുമായി ബന്ധമുള്ളവര്‍ നല്കുന്ന സൂചന. സന്ദീപ് അതൃപ്തികള്‍ ഉന്നയിച്ചപ്പോള്‍ അത് പരിഹരിക്കാനായി പാര്‍ട്ടി ശ്രമിച്ചിരുന്നു. ആര്.എസ്.എസ് നേതൃത്വം തന്നെ സന്ദീപുമായി ചര്‍ച്ചകള്‍ നടത്തി. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നേരിട്ട് പോയി സന്ദീപുമായി സംസാരിച്ചു. ചിലകാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന് വരെ നേതൃത്വം സന്ദീപിനോട് പറഞ്ഞു. എന്നിട്ടും സന്ദീപ് കടുംപിടുത്തം തുടരുകയായിരുന്നു. അതിനാലാണ് നടപടിക്ക് നിര്‍ബന്ധിതരായതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ ഇത്തരം ഭീഷണികള്‍ക്കൊന്നും വഴങ്ങില്ലെന്ന നിലപാടിലാണ് സന്ദീപ്. നടപടിയുണ്ടായാല്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയുമെന്ന സൂചനയും സന്ദീപ് നല്‍കുന്നുണ്ട്. തന്നെ അപമാനിച്ച നേതാക്കള്‍ക്കെതിരേ നടപടി വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സന്ദീപ്. അല്ലാതെ പാര്‍ട്ടി വേദികളിലേക്കില്ലെന്നും സന്ദീപ് വ്യക്തമാക്കിയിട്ടുണ്ട്.