തിരുവനന്തപുരം: കയ്യില്‍ കാശില്ലെന്ന് കരുതി ഇനി കെഎസ് ആര്‍ടിസി ബസില്‍ കയറാന്‍ ആശങ്ക വേണ്ട. ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ഇനി ടിക്കറ്റെടുക്കാം. ചലോ ആപ്പുമായി സഹകരിച്ചാണ് പദ്ധതി. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ചില ബസുകളില്‍ നടപ്പാക്കിയ ഈ സംവിധാനം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയുടെ നേരത്തെയുണ്ടായിരുന്ന ട്രാവല്‍കാര്‍ഡും പുതുക്കി ഇതില്‍ ഉപയോഗിക്കാനാകും. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, മറ്റ് പ്രധാന ബാങ്കുകളുടെ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് തുക നല്‍കാനാകും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കില്ല. ബസുകളുടെ വിവരങ്ങള്‍ ചലോ ആപ്പില്‍ അപ്പ്‌ലോഡ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
യാത്രക്കാര്‍ക്ക് തങ്ങള്‍ക്ക് പോകേണ്ട ബസ് എവിടെ എത്തി, റൂട്ടില്‍ ഏതൊക്കെ ബസ് ഓടുന്നുണ്ട് എന്നും ബസ് എത്തുന്ന സമയവും ആപ്പിലൂടെ അറിയാനാകും. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ശബരിമല തീര്‍ഥാടനത്തിന്റെ ആദ്യഘട്ടത്തില്‍ 383 ബസും രണ്ടാംഘട്ടത്തില്‍ 550 ബസും ഉണ്ടാകും. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.