തിരുവനന്തപുരം: കളകളെ ഭയപ്പെടേണ്ടെന്ന പരോക്ഷ പരിഹാസവുമായി എന്‍. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാണ്’ എന്നാണ് പുതിയ പോസ്റ്റില്‍ പ്രശാന്ത് എഴുതിയിരിക്കുന്നത്. കള പറിക്കുന്ന യന്ത്രത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനും ജയതിലകിനെതിരായ വിമര്‍ശനങ്ങളില്‍ പ്രശാന്തിനുമെതിരെ ഇന്ന് അച്ചടക്ക നടപടിയുണ്ടാകുമെന്ന വിവരം പുറത്തുവരുന്നതിനിടെയാണ് പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്തുവരുന്നത്.
പ്രശാന്തിന്റേത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വന്‍ വിവാദങ്ങള്‍ക്കൊടുവിലാണ് ഗോപാലകൃഷ്ണനും പ്രശാന്തിനുമെതിരായ നടപടിക്ക് കളമൊരുങ്ങുന്നത്. ഇരുവര്‍ക്കും എതിരെ താക്കീതോ ശാസനയോ വരാം. സസ്‌പെന്‍ഷനും തള്ളാനാകില്ല. ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ വകുപ്പ് തല അന്വേഷണവും വന്നേക്കാം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കര്‍ഷകനാണ്…
കള പറിക്കാന്‍ ഇറങ്ങിയതാ…
ഇന്ത്യയിലെ റീപ്പര്‍, ടില്ലര്‍ മാര്‍ക്കറ്റ് മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടര്‍, സോളാര്‍ ഓട്ടോ, ഹൈഡ്രോപോണിക്‌സ്, ഹാര്‍വസ്റ്റര്‍, പവര്‍ വീഡര്‍, വളം, വിത്ത്-നടീല്‍ വസ്തുക്കള്‍- എനിവയുടെ മാര്‍ക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലര്‍ നെറ്റ്വര്‍ക്ക്, ഫിനാന്‍സ് ഓപ്ഷനുകള്‍..
ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു!
#ടീം_കാംകോ
#കൃഷിസമൃദ്ധി
#നവോധന്‍
#KAMCO