KeralaNEWS

അനധികൃതമായി പണം എത്തിച്ചെന്ന് പരാതി; പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പരിശോധന, പ്രതിഷേധം

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസിന്റെ പരിശോധനയെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. തെരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഘം അര്‍ധരാത്രിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന റൂമുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. കോണ്‍ഗ്രസ് വനിതാ നേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലും പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയിലും പൊലീസ് പരിശോധനയ്ക്കെത്തി. ഹോട്ടലിലെ മൂന്ന് നിലകളിലെ വിവിധ മുറികളില്‍ പൊലീസ് കയറി പരിശോധിച്ചു.

Signature-ad

വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ നിലപാടെടുത്തു. കൂടാതെ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതിക്കൊടുക്കാന്‍ പൊലീസ് തയ്യാറായില്ല. ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചത്. ഇതിനിടെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും പുറത്ത് തടിച്ച് കൂടി. പലതവണ സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി.

സിപിഎം തിരിക്കഥയാണിതെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കാണിക്കുന്ന നെറികെട്ട രാഷ്ട്രീയക്കളിയാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പൊലീസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ പറഞ്ഞു. പൊലീസുകാരുടെ ഐഡിന്റിറ്റി കാര്‍ഡ് താന്‍ ചോദിച്ചു. വനിതാ പൊലീസ് ഇല്ലാതെ അകത്ത് കയറാനാകില്ലെന്ന് വ്യക്തമാക്കി. പരിശോധന തടസപ്പെടുത്തിയിട്ടില്ലെന്നും ഷാനിമോള്‍ പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷത്തിനുമിടയില്‍ വെളുപ്പിനെ മൂന്ന് മണിവരെ ഹോട്ടലില്‍ പരിശോധന നീണ്ടു. ബിജെപി പ്രവര്‍ത്തകരുടെ മുറിയിലും പൊലീസ് പരിശോധന നടത്തി. അതേസമയം പാലക്കാട് ഇന്ന് യുഡിഎഫ് പ്രതിഷേധ ദിനം ആചരിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പോലും അറിയാതെ ആയിരുന്നു പരിശോധനയെന്നും ഇത് കൃത്യമായ നാടകമാണെന്നും അതിക്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഷാഫി പറമ്പില്‍ എം.പി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: