KeralaNEWS

ഭക്തരില്‍നിന്നും ഈടാക്കി, ട്രഷറിയില്‍ അടച്ചില്ല; പദ്മനാഭസ്വാമി ക്ഷേത്രം 1.57 കോടി നികുതി കുടിശ്ശിക അടയ്ക്കണം

തിരുവനന്തപുരം: കഴിഞ്ഞ ഏഴ് വര്‍ഷത്തെ നികുതി കുടിശ്ശികയായ 1.57 കോടി രൂപ ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അടയ്ക്കണമെന്ന് നോട്ടീസ് നല്‍കി കേന്ദ്ര ജിഎസ്ടി വകുപ്പ്. ജിഎസ്ടിയില്‍ വിവിധ ഇളവുകള്‍ ഉണ്ടെന്നുകാട്ടി ഭരണസമിതി നല്‍കിയ വിശദീകരണം തള്ളിയാണ് കേന്ദ്ര ജി.എസ്.ടി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ക്ഷേത്രത്തില്‍ വാടകയിനത്തില്‍ ലഭിക്കുന്ന വിവിധ വരുമാനങ്ങള്‍, ഭക്തര്‍ക്ക് വസ്ത്രം ധരിക്കാനടക്കം നല്‍കുന്നതിലൂടെ കിട്ടുന്ന വരുമാനം, ചിത്രങ്ങളടക്കം വില്‍പന നടത്തി കിട്ടുന്ന പണം, എഴുന്നള്ളിപ്പ് ആനയെ വാടകയ്ക്ക് നല്‍കി കിട്ടുന്ന വരുമാനം ഇവയുടെയൊന്നും ജിഎസ്ടി ക്ഷേത്ര ഭരണസമിതി നല്‍കുന്നില്ലെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, നോട്ടീസില്‍ വിശദീകരണം നല്‍കുമെന്നാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ക്ഷേത്രത്തില്‍ നിന്നും നികുതി അടയ്ക്കുന്നില്ല എന്ന രഹസ്യവിവരത്തിന് പിന്നാലെയാണ് മതിലകം ഓഫീസില്‍ പരിശോധന നടന്നത്. സേവനവും ഉല്‍പ്പന്നവും നല്‍കുമ്പോള്‍ ജിഎസ്ടി ഭരണസമിതി വാങ്ങുന്നുണ്ട് എന്നാല്‍ ആ പണം അടയ്ക്കുന്നില്ലെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തി. ക്ഷേത്രത്തിന് വിവിധ ഇളവുകള്‍ക്ക് ശേഷം അടയ്ക്കാനുള്ളത് 16 ലക്ഷം മാത്രമാണെന്നാണ് ക്ഷേത്ര ഭരണസമിതി അറിയിച്ചത്. മൂന്ന് ലക്ഷം അടച്ചെന്നും വിവരം നല്‍കി. എന്നാല്‍ സമിതി നല്‍കിയ മറുപടി തള്ളിയശേഷമാണ് 1.57 കോടി രൂപ നികുതിയടക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

Signature-ad

തുക സമിതി അടച്ചില്ലെങ്കില്‍ 100 ശതമാനം പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണം എന്നും നോട്ടീസിലുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കേണ്ട 77 ലക്ഷം ജിഎസ്ടി വിഹിതവും മൂന്ന് ലക്ഷം പ്രളയ സെസും ചേര്‍ന്നതാണ് തുക. നോട്ടീസില്‍ കൃത്യമായി മറുപടി നല്‍കുമെന്നാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: