നടി സണ്ണി ലിയോണിനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ബഹ്‌റൈനില്‍ നടത്താനിരുന്ന പരിപാടിക്കായി 19 ലക്ഷം നല്‍കിയിരുന്നെന്ന പരാതിക്കാരന്‍ ഷിയാസ് പെരുമ്പാവൂരിന്റെ പുതിയ ആരോപണത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഷിയാസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവെഎസ്പി സജീവിനാണ് ഇനി കേസ് അന്വേഷണത്തിന്റെ ചുമതല.
അതേസമയം, പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന കേസില്‍ ഇന്നലെ സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കരണ്‍ജീത് കൗര്‍ എന്ന പേരില്‍ മുംബൈ അന്ധേരിയിലെ വിലാസത്തിലാണ് നടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മാത്രമല്ല ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, മൂന്നാംപ്രതി സുനില്‍ രജാനി എന്നിവരും മുന്‍കൂര്‍ ജാമ്യേപേക്ഷ നല്‍കി.
ഷിയാസ് പെരുമ്പാവൂരിന്റെ പരാതിയിലായിരുന്നു നടി സണ്ണി ലിയോണിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. പണം വാങ്ങിയ ശേഷം സണ്ണി ലിയോണ്‍ പരിപാടിയില്‍ നിന്ന് പിന്മാറി എന്നായിരുന്നു ഷിയാസിന്റെ പരാതി. എന്നാല്‍ താന്‍ ആരുടെയും പണം വാങ്ങിയിട്ടില്ലെന്നും പറഞ്ഞ സമയത്ത് പരിപാടി സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നത് സംഘാടകരുടെ കഴിവുകേടാണെന്നുമായിരുന്നു സണ്ണിലിയോണ്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ മൊഴി നല്‍കിയത്. പരിപാടി നടത്തുവാന്‍ സണ്ണിലിയോണ്‍ അഞ്ചുതവണ ഷിയാസിന് ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ അഞ്ചു തവണയും പരിപാടി കോഡിനേറ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. എപ്പോള്‍ ആവശ്യപ്പെട്ടാലും താന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നാണ് താരം മൊഴിനല്‍കിയത്.
കരാര്‍ പ്രകാരം നല്‍കാമെന്നേറ്റ തുക നല്‍കാതെ ഷോയില്‍ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കാന്‍ ശ്രമിച്ചെന്നും വഞ്ചിച്ചെന്നും കാണിച്ചാണ് സണ്ണി ലിയോണി ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.