കേരളത്തെ പിടിവിടാതെ കോവിഡ്
ലോകവ്യാപകമായി സർവനാശം വിതച്ച കോവിഡ് പതിയെ പടിയിറങ്ങുബോഴും കേരളം ഭീതിയുടെ നിഴലിൽ തന്നെ. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇപ്പോൾ മുൻപിൽ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാം സ്ഥാനം കേരളത്തിനും രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്കും ആണ്. രാജ്യത്ത് മറ്റെല്ലായിടത്തും കോവിഡ് വ്യാപനവും കോവിഡ് രോഗികളുടെ മരണവും കുറയുമ്പോൾ കേരളത്തിന്റെ സ്ഥിതി നേരെ മറിച്ചാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരോചിക്കുന്നു. ചികിത്സയില്‍ ഉള്ളവരുടെ എണ്ണത്തിലും പ്രതിദിന കേസിലും മരണത്തിലും കേരളം ആണ് ഇപ്പോൾ നിലവിൽ ഒന്നാം സ്ഥാനത്ത്.
രാജ്യത്തെ കോവിഡ് ചികിത്സയിൽ കഴിയുന്നവരിൽ 45.72 ശതമാനവും കേരളത്തിൽ ആണെന്നുള്ളത് ഞെട്ടിക്കുന്ന വിവരമാണ്. രാജ്യത്ത് 71 ശതമാനം രോഗികളും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ്. കേരളത്തിൽ ഇന്നലെ 5214 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 4788 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിക്കുകയും 336 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ലാത്ത സാഹചര്യമായിരുന്നു ഇന്നലെ കേരളത്തിൽ.
സംസ്ഥാനത്ത് ഇന്നലെ 69,844 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. 19 പേരുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ആകെ മരിച്ചവരുടെ എണ്ണം 3902. കേരളത്തിൽ കോവിഡ് രോഗികൾ പെരുകുന്ന സാഹചര്യത്തിൽ സ്വകാര്യ ലാബുകൾ ആർ ടി പി സി ആർ പരിശോധന നിരക്ക് ഉയർത്തിയത് വലിയ വിവാദങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. 1500 രൂപയിൽ നിന്നും 1700 രൂപ ആയിട്ടാണ് പരിശോധന നിരക്ക് ഉയർത്തിയിരിക്കുന്നത്. എന്നാൽ കോടതി നിർദേശത്തെ തുടർന്നാണ് നിരക്ക് പുതുക്കിയതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു.