Lead NewsNEWSTRENDING

ഗായകന്‍ എം.എസ് നസീം അന്തരിച്ചു

ഗായകന്‍ എം.എസ് നസീം അന്തരിച്ചു. പക്ഷാഘാതം മൂലം പത്ത് വര്‍ഷമായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ യോടെയായിരുന്നു അന്ത്യം. നാടക ഗാനങ്ങളിലൂടെയും സ്റ്റേജ്-ടെലിവിഷന്‍ പരിപാടികളിലൂടെയും ശ്രദ്ധേയനായിരുന്നു. തൊണ്ണൂറുകളില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നിരവധി പാട്ടുകള്‍ നസീം ആലപിച്ചിട്ടുണ്ട്.

എ.എം രാജയുടെ ഗാനങ്ങള്‍ അതിമനോഹരമായി അവതരിപ്പിച്ചാണ് നസീം ജനപ്രിയനായി മാറിയത്. ശിവഗിരികലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്സ്, കോഴിക്കോട് ബ്രദേഴ്സ് എന്നീ കലാസിമിതികൾക്കായി പാടിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ചിന്തകളോടുള്ള അടുപ്പം അദ്ദേഹത്തെ കെ.പി.എ.സിയിൽ എത്തിച്ചു. കെ.പി.എ.സിയിൽ നിരവധി ജനപ്രിയ നാടക ഗാനങ്ങൾക്ക് അദ്ദേഹം ശബ്ദം പകർന്നു. പിന്നീട് സിനിമയിലെത്തി. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ സിനിമകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. പതിനൊന്നാം വയസ്സിൽ കമുകറയുടെ ഒരു ഗാനം പാടിക്കൊണ്ടാണ് നസീം സംഗീതലോകത്തെത്തുന്നത്.

ദൂരദർശൻ, ഏഷ്യാനെറ്റ്, ആകാശവാണി എന്നിവയ്‌ക്കായി ആയിരത്തിൽപ്പരം ഗാനങ്ങൾ പാടിയിട്ടുണ്ട്. 1992, 93, 95, 97 കാലഘട്ടങ്ങളിൽ മികച്ച മിനി സ്ക്രീൻ ഗായകനുള്ള പുരസ്കാരവും സ്വന്തമാക്കി. പാട്ടുകാരൻ എന്നതിനേക്കാളുപരി പലപ്പോഴും പാട്ടിന്റെ പിന്നാമ്പുറങ്ങളിൽ പ്രവർത്തിച്ചിരുന്ന മ്യൂസിക് ക്രിട്ടിക് കൂടിയായിരുന്നു അദ്ദേഹം. ഗായകൻ, കോഓർഡിനേറ്റർ, പ്രോഗ്രാം കണ്ടക്ടർ എന്നിങ്ങനെ എല്ലാ തരത്തിലും കഴിവ് തെളിയിച്ചു. മലയാളത്തിലെ ആദ്യത്തെ ഗസൽ ആൽബം പൂർത്തിയാക്കിയത് നസീമാണ്.

ദൂരദർശന്റെ നിരവധി പരിപാടികളിലും അദ്ദേഹം പാടിയിട്ടുണ്ട്. ഗുരുവും സംഗീത സംവിധായകനുമായ രാഘവൻ മാസ്റ്ററെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കവേയാണ് അദ്ദേഹം അസുഖബാധിതനാകുന്നത്.

Back to top button
error: