CrimeNEWS

പഠിച്ച് മിടുക്കിയാകാന്‍ യു.കെയിലെത്തി; അവിഹിത ഗര്‍ഭത്തില്‍ ഉണ്ടായ കുഞ്ഞിനെ കൊന്നു; മലേഷ്യക്കാരിയ്ക്ക് 17 വര്‍ഷം ജയില്‍

ലണ്ടന്‍: മനസ് നിറയെ സ്വപ്നങ്ങളുമായാണ് ഓരോ വിദേശ വിദ്യാര്‍ത്ഥിയും യുകെയുടെ മണ്ണിലേക്ക് എത്തുന്നത്. ഏറ്റവും മികച്ച കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന യുകെയില്‍ നിന്നും പഠിച്ചിറങ്ങിയാല്‍ ഇവിടെ തന്നെ ഒരു ജോലിയും സ്വന്തമാക്കാനായാല്‍ പിന്നെ ജീവിതത്തില്‍ തിരിഞ്ഞു നോക്കേണ്ടി വരില്ല എന്ന കണക്കുകൂട്ടലുമായാണ് ലക്ഷക്കണക്കിന് രൂപയോ തത്തുല്യമായ പണമോ നല്‍കി ഓരോ വിദേശ വിദ്യാര്‍ത്ഥിയും എത്തുന്നത്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ ലഭിക്കാത്ത സ്വാതന്ത്ര്യവും സുഖസൗകര്യങ്ങളും ഒപ്പം ലഭിക്കുമ്പോള്‍ പഠിക്കാന്‍ എത്തിയതാണ് എന്ന പ്രഥമ ലക്ഷ്യം മറന്നു പോകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സംഭവങ്ങളാണ് അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

യുകെയില്‍ എത്തിയ ഉടന്‍ ട്രാഫിക് നിയമങ്ങള്‍ അറിയാതെ കാര്‍ വാടകയ്ക്ക് എടുത്ത് ഓടിച്ച് അപകടത്തില്‍ ചാടി യൂണിവേഴ്സിറ്റി പഠനം പോലും ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങേണ്ടി വന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ഒറ്റപ്പെട്ട സംഭവമല്ല. എന്നാല്‍ തീരെ പരിചിതം അല്ലാത്ത ഒരു കുറ്റകൃത്യമാണ് ഇന്നലെ കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ എത്തിയ മലേഷ്യന്‍ വിദ്യാര്‍ത്ഥിനിക്ക് വാര്‍വിക്ക് കോടതിയില്‍ തലകുനിച്ചു നിന്നും സമ്മതിക്കേണ്ടി വന്നത്.

Signature-ad

ഒരു നിമിഷത്തെ ചപലതയ്ക്ക് വശംവദയായി ഗര്‍ഭിണിയായ യുവതി പൂര്‍ണ വളര്‍ച്ച എത്തി പ്രസവിച്ച കുഞ്ഞിനെ നിര്‍ദയം കൊന്നു എന്ന കുറ്റത്തിന് കോടതി 17 വര്‍ഷത്തേക്കാണ് ഈ യുവതിയെ ജയില്‍ ശിക്ഷ നല്‍കിയിരിക്കുന്നത്. ശിക്ഷ വിധി നിര്‍വികാരതയോടെ കേട്ട് നിന്ന യുവതി മലേഷ്യയില്‍ ഉള്ള കുടുംബത്തിന്റെ അതൃപ്തി ഭയന്നും പഠന കോഴ്‌സ് മുടങ്ങും എന്ന കാരണത്താലാണ് കുറ്റം ചെയ്തത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. പൊതുവെ ഡ്രൈവിംഗ് കുറ്റങ്ങളും ഷോപ് ലിഫ്റ്റിങ് അടക്കമുള്ള താരതമ്യേനെ ലഘുവായ കുറ്റങ്ങളുമാണ് വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും ഉണ്ടാകാറുള്ളത് എന്ന് പോലീസ് തന്നെ സമ്മതിക്കുമ്പോള്‍ മലേഷ്യക്കാരിയായ ജിയാ സിന്‍ തിയോ നടത്തിയ കുറ്റകൃത്യം സമാനതകള്‍ ഇല്ലാത്തതാണ് എന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് സമ്മതിക്കുന്നു.

പ്രസവിച്ച ഉടന്‍ നവജാത ശിശുവിനെ സീരിയല്‍ ബോക്‌സില്‍ ഉപേക്ഷിക്കുകയാണ് ജിയാ സിന്‍ ചെയ്തത് എന്ന് പോലീസ് വെളിപ്പെടുത്തുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് രണ്ടു ദിവസം കഴിഞ്ഞാണ് പോലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്. സീല്‍ ചെയ്യാവുന്ന പ്ലാസ്റ്റിക് ബാഗിലാക്കിയാണ് കുഞ്ഞിനെ യുവതി സീരിയല്‍ ബോക്‌സില്‍ ഉപേക്ഷിച്ചത്. തുടര്‍ന്ന് ഈ സീരിയല്‍ ബോക്‌സ് സ്യൂട്ട്‌കേസില്‍ ആക്കുക ആയിരുന്നു എന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് കോടതിയില്‍ വ്യക്തമാക്കി. കുഞ്ഞിനെ കൊന്ന കാര്യം നിഷേധിച്ച ജിയാ സിന്‍ തന്നോട് ആരോ പറഞ്ഞത് പോലെ ചെയ്യുക ആയിരുന്നു എന്നാണ് പൊലീസിനോട് പറഞ്ഞത്. പ്രസവ ശേഷം തന്നെ അദൃശ്യമായി ആരോ നിയന്ത്രിക്കുക ആയിരുന്നു എന്നാണ് യുവതി സ്വീകരിച്ച നിലപാട്.

എന്നാല്‍ യുവതിയുടെ നിലപാടുകള്‍ കോടതി നിര്‍ദയം തള്ളുക ആയിരുന്നു. മനസാക്ഷി ഉള്ള ഒരാള്‍ക്കും ചെയ്യാന്‍ തോന്നാത്ത കുറ്റമാണ് യുവതി ചെയ്തത് എന്നും കോടതി വിധിന്യായത്തില്‍ സൂചിപ്പിച്ചു. കുഞ്ഞിനെ കൊല്ലാതെ തന്നെ യുവതിക്ക് മുന്നില്‍ ഒട്ടേറെ മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു എന്നും കോടതി നിരീക്ഷണം നടത്തി. യുവതി ഗര്‍ഭിണിയായ അവസ്ഥയില്‍ ആണ് യുകെയില്‍ എത്തിയതെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എല്ലാവരില്‍ നിന്നും ഗര്‍ഭിണിയാണെന്ന സത്യം മറച്ചു വച്ച യുവതി ഒറ്റയ്ക്ക് പ്രസവം കൈകാര്യം ചെയ്യുക ആയിരുന്നു. പ്രസവശേഷവും അക്കാര്യം എല്ലാവരില്‍ നിന്നും മറച്ചു വയ്ക്കുവാനാണ് യുവതി ശ്രമിച്ചത്.

ശാരീരിക അസ്വസ്ഥത തോന്നിയപ്പോള്‍ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശിച്ചെങ്കിലും യുവതി അവഗണിക്കുക ആയിരുന്നു. എന്നാല്‍ പിന്നീട് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ യുവതി ഡോക്ടര്‍മാരോടും പ്രസവം നിഷേധിക്കുകയാണ് ചെയ്തത്. പിന്നീട് യുവതിയെ ചോദ്യം ചെയ്ത പോലീസിനോടും അത് തന്നെ ആവര്‍ത്തിക്കുക ആയിരുന്നു. തുടര്‍ന്ന് പോലീസ് യുവതിയുടെ അഡ്രസില്‍ നടത്തിയ തിരച്ചിലില്‍ ആണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: