മുംബൈ: എല്ലാ നഗ്നചിത്രങ്ങളും അശ്ലീലമല്ലെന്നും ഉദ്യോഗസ്ഥരുടെ നിലപാടുകളില്‍ മുന്‍ധാരണകളോ പ്രത്യയശാസ്ത്ര നിലപാടുകളോ സ്വാധീനം ചെലുത്താന്‍ പാടില്ലെന്നും ബോംബെ ഹൈക്കോടതി. എഫ്.എന്‍. സൗസ, അക്ബര്‍ പദംസി എന്നിവരുടെ ചിത്രങ്ങള്‍ ‘അശ്ലീലം’ എന്നാരോപിച്ച് കസ്റ്റംസ് തടഞ്ഞതിനെതിരെയുള്ള പരാതി പരിഗണിക്കുകയായിരുന്നു കോടതി.
നഗ്നചിത്രങ്ങള്‍ വികൃതവും യുക്തിരഹിതവുമാണെന്നു മുദ്രകുത്തി കഴിഞ്ഞ ജൂലൈയില്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ കോടതി, തടഞ്ഞ ചിത്രങ്ങള്‍ രണ്ടാഴ്ചയ്ക്കകം ഉടമസ്ഥന് തിരിച്ചുനല്‍കണമെന്നും നിര്‍ദേശിച്ചു.
ലൈംഗികതയും അശ്ലീലവും എപ്പോഴും പര്യായമല്ലെന്ന് മനസ്സിലാക്കുന്നതില്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ പരാജയപ്പെട്ടു. അശ്ലീല സാമഗ്രികള്‍ എന്നത് മനഃപൂര്‍വം ലൈംഗികതയെ ഉത്തേജിപ്പിക്കുന്നതാണ്. നഗ്നചിത്രങ്ങളെ അത്തരത്തില്‍ കണക്കാക്കാനാകില്ല. ഇത്തരം കലാസൃഷ്ടികള്‍ കാണണമെന്നോ ആസ്വദിക്കണമെന്നോ എല്ലാവരെയും നിര്‍ബന്ധിക്കുന്നില്ല. അതേസമയം കലാസൃഷ്ടികളെ വിലയിരുത്തുമ്പോള്‍ മുന്‍ധാരണകളോ പ്രത്യയശാസ്ത്ര നിലപാടുകളോ സ്വാധീനം ചെലുത്താന്‍ പാടില്ല കോടതി പറഞ്ഞു.
കസ്റ്റംസ് വിഭാഗത്തിന്റെ ഉത്തരവിനെതിരെ വ്യവസായിയും കലാസ്വാദകനുമായ മുസ്തഫ കറാച്ചിവാല നല്കിയ പരാതിയിലാണ് കോടതി ഇടപെടല്‍. ഇന്ത്യന്‍ കലയില്‍ ആധുനികത അവതരിപ്പിച്ച ചിത്രകാരന്മാരാണ് സൗസയും പദംസിയും. ലണ്ടനില്‍ വച്ച് നടന്ന രണ്ട് ലേലങ്ങളിലാണ് ഇവരുടെ 7ചിത്രങ്ങള്‍ മുസ്തഫ വാങ്ങിയത്. എന്നാല്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനിടെ അശ്ലീലം ആരോപിച്ച് ചിത്രങ്ങള്‍ തടയുകയായിരുന്നു.