KeralaNEWS

ദിവ്യയ്‌ക്കെതിരായ പോലീസ് അന്വേഷണം കൃത്യം, ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറല്ലെന്ന് ഗോവിന്ദന്‍

തൃശ്ശൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യയ്‌ക്കെതിരായ അന്വേഷണത്തില്‍ ഒരു വീഴ്ചയുമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജാമ്യം സംബന്ധിച്ചുള്ള പ്രധാനപ്പെട്ട വാദം വ്യാഴാഴ്ച നടന്നു. വിഷയത്തില്‍ വിധി വരട്ടെ. പോലീസിന്റെ അന്വേഷണം കൃത്യമായി മുന്നോട്ട് പോകും. പാര്‍ട്ടി കുടുംബത്തിനൊപ്പമാണെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ അകത്തുതന്നെ വൈരുദ്ധ്യങ്ങളുണ്ട്. ഒരുപാട് പേര്‍ കോണ്‍ഗ്രസ് വിട്ടു. അവരെല്ലാം പൂര്‍ണമായി എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് കരുതുന്നില്ല. എന്നാല്‍, അതില്‍ ഒരുവിഭാഗം ഇടതുപക്ഷത്തോടൊപ്പം നിന്നാല്‍ കോണ്‍ഗ്രസിനേയും ബി.ജെ.പി.യേയും തോല്‍പ്പിക്കാനാകും.

Signature-ad

സംസ്ഥാനത്ത് കോണ്‍ഗ്രസ്-ബി.ജെ.പി ഡീലുണ്ടെന്ന് നേരത്തെ പറയുന്നതാണ്. പാലക്കാട് നിന്ന് ഷാഫിയെ വടകരയിലേക്ക് മാറ്റി. അവിടെ സിറ്റിങ് എം.പി.യായിരുന്ന മുരളീധരനെ തൃശ്ശൂരിലേക്ക് മാറ്റി. എന്നിട്ട്, തൃശ്ശൂരുണ്ടായിരുന്ന എം.പി.യെ ഒരു മൂലയ്ക്ക് ഇരുത്തി. ഇതെല്ലാം കൂടെ വെറുതെ വന്നതല്ല. ഇത് കോണ്‍ഗ്രസിന്റേയും ബി.ജെ.പി.യുടേയും ഡീലാണെന്ന് പി. സരിനും പറഞ്ഞിട്ടുണ്ട്’.

‘പി.വി. അന്‍വറിന്റെ പ്രശ്നം പ്രധാനപ്പെട്ട ഒരു വിഷയമായിട്ട് കാണുന്നില്ല. ജമാഅത്തെ ഇസ്ലാമിക്കാരനും ലീഗുകാരനും കോണ്‍ഗ്രസുകാരനുമാണ് അദ്ദേഹത്തിന് പിന്തുണ നല്‍കുന്നത്. അവരൊന്നും പിന്തുണകൊണ്ട് നില്‍ക്കുന്നതല്ല. മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട് ഇദ്ദേഹത്തെ എങ്ങിനെ ഉപയോഗിക്കാമെന്നതിന്റെ ഭാഗമായിട്ടാണ് ആളെ എത്തിച്ചുകൊടുക്കുന്നത്’. ഇവിടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ട് അവര്‍ പോയതോടെ ആളെ കിട്ടാതെ വന്നതോടെ അവിടെയും ഇവിടെയും പോയിട്ട് ദിവസക്കൂലിക്ക് പോകുന്ന ആളെക്കൂട്ടിക്കൊണ്ടുവരുന്ന രീതിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: