കോട്ടയം: പാലായില്‍ ആയുര്‍വേദ ആശുപത്രിയിലെ വിഷ ചികിത്സകനെതിരെ യുവതി നല്‍കിയ പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. ആശുപത്രിയിലെ ജീവനക്കാരിയുടെ തന്നെ പരാതിയിലാണ് കേസ്. എന്നാല്‍ കേസെടുത്തിട്ടും പ്രതിയെ പിടിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തുന്നെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം.
ഈ മാസം 13 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആശുപത്രിയിലെ നടുമുറ്റത്ത് വച്ച് ഡോക്ടര്‍ അശ്ലീലചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. സംഭവം ചോദ്യം ചെയ്ത പെണ്‍കുട്ടിയെും സുഹൃത്തിനേയും ഇയാള്‍ ആക്രമിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
രണ്ട് സംഭവങ്ങളും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുത്തെങ്കിലും പ്രതിക്കെതിരെ നടപടികളൊന്നും പോലീസ് എടുത്തിട്ടില്ലെന്നും, കേസില്‍ പ്രതിയാക്കപ്പെട്ട ഡോക്ടറെ പോലീസ് മനഃപൂര്‍വം സംരക്ഷിക്കുന്നെന്നാണ് പെണ്‍കുട്ടിയുടേയും ബന്ധുക്കളുടെയു ആക്ഷേപം. എന്നാല്‍ കേസില്‍ അന്വേഷണം നടക്കുന്നെന്നാണ് പോലീസിന്റെ വിശദീകരണം.