മുംബൈ: നാസിക് ജില്ലയിലെ കല്‍വണ്‍ നിയമസഭാ സീറ്റ് എന്‍സിപി ശരദ് പവാര്‍ വിഭാഗം ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷിയായ സിപിഎമ്മിന് വിട്ടുനല്‍കി. പട്ടികവര്‍ഗ സംവരണ സീറ്റാണിത്. സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭ 2018ല്‍ നടത്തിയ കര്‍ഷക ലോങ് മാര്‍ച്ചിനു ചുക്കാന്‍ പിടിച്ച ജെ.പി.ഗാവിത്താണ് പാര്‍ട്ടി സ്ഥാനാര്‍ഥി.
ആദിവാസി, പിന്നാക്ക വിഭാഗങ്ങള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ സ്വാധീനമുള്ള അദ്ദേഹം 2014ല്‍ സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ച സീറ്റാണിത്. 2019 ല്‍ അവിഭക്ത എന്‍സിപിയോടു പരാജയപ്പെട്ടു. പരസ്പരം പോരടിച്ചിരുന്ന സിപിഎമ്മും എന്‍സിപിയുമാണ് ഇന്ത്യാമുന്നണിയുടെ രൂപീകരണത്തിനു ശേഷം വിട്ടുവീഴ്ചകള്‍ക്കു തയാറായത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കല്‍വണ്‍ നിയമസഭാ മണ്ഡലം ഉള്‍പെടുന്ന ദിന്‍ഡോരിയില്‍ ജെ.പി. ഗാവിത് സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ പദ്ധതിയിട്ടിരുന്നു. ശരദ് പവാറാണ് അദ്ദേഹത്തെ അനുനയിപ്പിച്ചത്. തുടര്‍ന്ന്, സിപിഎമ്മിന്റെ കൂടി പിന്തുണയോടെ പവാറിന്റെ സ്ഥാനാര്‍ഥി ലോക്‌സഭാമണ്ഡലം പിടിച്ചെടുത്തു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിനുള്ള പ്രത്യുപകാരമെന്ന നിലയില്‍ കല്‍വണ്‍ സീറ്റ് പവാര്‍ വിഭാഗം സിപിഎമ്മിനു വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആയിരക്കണക്കിന് ഇന്ത്യാമുന്നണി പ്രവര്‍ത്തകരുടെ റാലിക്കു ശേഷം ജെ.പി. ഗാവിത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കല്‍വണിനു പുറമേ, കഴിഞ്ഞ തവണ പാര്‍ട്ടി വിജയിച്ച പാല്‍ഘര്‍ ജില്ലയിലെ ഡഹാണു സീറ്റും സിപിഎമ്മിന് ലഭിക്കും. കൂടുതല്‍ സീറ്റിനായി ചര്‍ച്ച നടത്തിവരികയാണെന്നു പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു.