KeralaNEWS

   വയനാട് ഉപതരഞ്ഞെടുപ്പിലെ  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടിയുടെ ആസ്തി. ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടി ആസ്തിയുണ്ടെന്ന് നാമനിര്‍ദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ് മൂലത്തില്‍ പറയുന്നു. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് 37,91,47432 കോടിയുടെ ആസ്തിയും രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് ഡെല്‍ഹി മെഹ് റോളിയില്‍ കൃഷിസ്ഥലമുണ്ടെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു.

രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമിയുണ്ട്. എന്നാല്‍ കൃഷിസ്ഥലം അല്ലാത്ത ഭൂമി കൈവശം ഇല്ലെന്നും പറയുന്നു. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വീടുണ്ട്. 5.64 ലക്ഷം രൂപ വിലമതിക്കുന്ന വീടാണ് ഷിംലയില്‍ ഉള്ളത്. ആകെ ഭൂമിയും വീടും അടക്കം ഏഴു കോടി 74 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. 15,75,000 രൂപയുടെ ബാധ്യത ഉണ്ടെന്നും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്ക് 10 കോടി രൂപ ബാധ്യതയുണ്ടെന്നും സത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. പിജി ഡിപ്ലോമ ഇന്‍ ബുദ്ധിസ്റ്റ് സ്റ്റഡീസാണ് പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യത.

Signature-ad

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കലക്ടേറ്റില്‍ എത്തി. വയനാട്ടില്‍ മത്സരിക്കാൻ കഴിയുക എന്നത് സന്തോഷകരമെന്നും ജനം തന്നെ തിരഞ്ഞെടുത്താല്‍ ഭാഗ്യമായി കരുതുമെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു.

ആര്‍പ്പുവിളികളോടെ ആയിരങ്ങളാണ് പ്രിയങ്ക ഗാന്ധിയെ വയനാടിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്തത്. കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തടിച്ചുകൂടിയ ജനത്തിനിടയിലേക്ക് വയനാട് ലോക് സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക വന്നിറങ്ങിയപ്പോള്‍ കൂടെ അമ്മ സോണിയ ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിലെ ഉന്നത നേതാക്കളും ഉണ്ടായിരുന്നു. പൂക്കള്‍ വിതറിയാണ് നേതാക്കളെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ‘വയനാടിന്റെ പ്രിയങ്കരി’ എന്ന ബാനറുകളാണ് എല്ലായിടത്തും നിറഞ്ഞത്.

ഗാന്ധി കുടുംബത്തിലെ മൂന്നുപേരെയും ഒരുമിച്ചു കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്തവര്‍ പോലും രാവിലെ മുതല്‍ തന്നെ കെട്ടിടങ്ങള്‍ക്ക് മുകളിലും മറ്റും കാത്തു നിന്നിരുന്നു.

ആവേശോജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വയനാടിനെ കൈവിടില്ലെന്നും ഏത് സങ്കടത്തിലും സന്തോഷത്തിലും ഒപ്പമുണ്ടാകുമെന്നും വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് പ്രിയങ്ക പറഞ്ഞു. ‘ഇത് എന്റെ പുതിയ യാത്രയാണ്. ഇതില്‍ നിങ്ങള്‍ ഓരോരുത്തരും ഗുരുക്കന്‍മാരാണ്. രാഹുലിന് പോരാടാനുള്ള കരുത്ത് നല്‍കിയത് വയനാടാണ്. എന്റെ കുടുംബം വയനാടിനോട് എക്കാലവും കടപ്പെട്ടിരിക്കുന്നു’ എന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

”അച്ഛന്‍ രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടി 35 വര്‍ഷത്തോളം പ്രചാരണം നടത്തി. ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. ഈ അവസരത്തിന് ഖര്‍ഗെയോടും കോണ്‍ഗ്രസിനോടും നന്ദി പറയുന്നു. ഞാന്‍ ചൂരല്‍മലയും മുണ്ടക്കെയും സന്ദര്‍ശിച്ചു. എല്ലാം നഷ്ടമായവരെ അവിടെ കണ്ടു. എല്ലാവരും പരസ്പരം പിന്തുണ നല്‍കി. വയനാട്ടുകാരുടെ ധൈര്യം ആഴത്തില്‍ സ്പര്‍ശിച്ചു. വയനാട് കുടുംബത്തിന്റെ ഭാഗമാകാന്‍ സാധിക്കുന്നത് ഭാഗ്യവും ആദരവുമാണ്. അധികാരം നല്‍കിയര്‍ അധികാരം വിദ്വേഷം പ്രചരിപ്പിക്കുന്നു…”
പ്രിയങ്ക ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു.

ഇനി വയനാടിന് 2 പേരുടെ കരുതലുണ്ടാവുമെന്ന് പറഞ്ഞ് പ്രിയങ്കയെ പുതിയ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച രാഹുല്‍, സഹോദരിയുടെ റോഡ് ഷോയിലും നിറഞ്ഞു നിന്നു.  തുറന്ന വാഹനത്തില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, സാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും മുണ്ടായിരുന്നു വയനാടിനെ ഇളക്കിമറിച്ചുള്ള റോഡ് ഷോയിൽ.

ചൊവ്വാഴ്ച രാത്രി മൈസൂരുവില്‍ നിന്ന് റോഡ് മാര്‍ഗമാണ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബത്തേരിയിലെ റിസോര്‍ട്ടില്‍ എത്തിയത്. യാത്രയ്ക്കിടെ പ്രിയങ്ക, കടയപ്പറമ്പില്‍ ജോയിയുടെ വീട്ടിലും സന്ദര്‍ശനം നടത്തിയി. മൂലങ്കാവിൽ വഴിയരികില്‍ കാത്തുനിന്നവര്‍ക്കും ഹസ്തദാനം നല്‍കുകയും ചെയ്തു.

രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കള്‍ കല്‍പ്പറ്റയിലെ പൊതുപരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: