KeralaNEWS

സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ജോലി രാജിവെച്ച് കോഴിക്കോട് കോര്‍പ്പറേഷനില്‍ താമര വിരിയിച്ചു; മഹിളാ മോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി; വയനാട്ടില്‍ പ്രിയങ്കയുടെ എതിരാളി നവ്യ ഹരിദാസിനെ അറിയാം

കോഴിക്കോട്: രാജ്യമാകെ ഉറ്റുനോക്കുന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പാണ് വയനാട്ടില്‍ നടക്കാനിരിക്കുന്നത്. പ്രിയങ്ക ഗാന്ധി കന്നി പോരാട്ടത്തിന് എത്തുന്നു എന്നതാണ് ഈ മണ്ഡലത്തിന്റെ പ്രത്യേകത. സത്യന്‍ മൊകേരിയാണ് ഇവിടെ ഇടതു മുന്നണി സ്ഥാനാര്‍ഥി. എന്നാല്‍, ബിജെപി ഇക്കുറി സര്‍പ്രൈസ് സ്ഥാനാര്‍ഥിയെയാണ് കളത്തില്‍ ഇറക്കിയത്. നവ്യ ഹരിദാസ് എന്ന യുവരക്തത്തെയാണ് ബിജെപി മത്സരിക്കാന്‍ കളത്തിലിറക്കിയത്. ഇതോടെ ഇന്നലെ മുതല്‍ ആരാണ് നവ്യ ഹരിദാസ് എന്ന ചോദ്യം സൈബറിടങ്ങളില്‍ അടക്കം ഉയര്‍ന്നു തുടങ്ങി.

കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് രണ്ട് തവണ വിജയിച്ച് കയറിയ ബിജെപിയുടെ നേതാണ് നവ്യ ഹരിദാസ്. ഒരിക്കല്‍ പോലും ബിജെപിയുടെ കോട്ടയല്ലാത്ത കോഴിക്കോട് വിജയിച്ചു കയറി എന്നതാണ് നവ്യയുടെ പ്രത്യേകത. അവിടെ കോര്‍പ്പറേഷനില്‍ ഒരു സീറ്റ് പോലും സ്വപ്നം കാണാന്‍ പോലും ബിജെപിക്ക് മുമ്പ് സാധിക്കില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള ബിജെപിയുടെ തേരോട്ടത്തില്‍ കോഴിക്കോട് കാരപ്പറമ്പ് വാര്‍ഡാണ് നവ്യ ഹരിദാസ് പിടിച്ചെടുത്തത്.

Signature-ad

ഈ വാര്‍ഡ് ഇപ്പോള്‍ ബിജെപിയുടെ കുത്തകയാണെന്ന് തന്നെ പറയാം. കോഴിക്കോട് മണ്ഡലത്തില്‍ തന്നെ വോട്ട് വര്‍ധിപ്പിച്ച ചരിത്രവും നവ്യക്കുണ്ട്. നിലവില്‍ ബിജെപി മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നവ്യ. കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും നവ്യയാണ്. വലിയ ശമ്പളമുള്ള ജോലി രാജിവെച്ചാണ് നവ്യ കോഴിക്കോട് സ്ഥാനാര്‍ത്ഥിയായി വരുന്നത്.

2015 ല്‍ ഹൈദരാബാദിലെ എച്ച്എസ്ബിസിയില്‍ നിന്ന് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ജോലി രാജിവെച്ചാണ് കാരപ്പറമ്പ് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നവ്യ മത്സരിക്കാനിറങ്ങിയത്. തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം, കെഎംസിടി എഞ്ചിനീയറിംങ് കോളേജില്‍ നിന്നാണ് നവ്യ ബിടെക് ബിരുദം നേടിയത്. ബാലഗോകുലം പ്രവര്‍ത്തനത്തിലൂടെയാണ് നവ്യഹരിദാസ് പൊതുപ്രവര്‍ത്തനരംഗത്തിറങ്ങിയത്.

കാരപ്പറമ്പ് ഝാന്‍സി ബാലഗോകുലം രക്ഷാധികാരി, ഭഗിനിപ്രമുഖ് തുടങ്ങിയ ചുമതലകള്‍ വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 ലും 2020 ലും കോര്‍പ്പറേഷന്‍ കാരപ്പറമ്പ് ഡിവിഷനില്‍ നിന്ന് രണ്ടു തവണ മത്സരിച്ചു വിജയിച്ചു. 2021 ല്‍ കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായും നവ്യ മത്സരിച്ചു. 20.84 ശതമാനം വോട്ട് നേടാനായി. ഇപ്പോള്‍ വീണ്ടുമൊരു നിയോഗമാണ് നവ്യയെ തേടിയെത്തുന്നത്. കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തുറ്റ നേതാവിനെ തന്നെയാണ് നവ്യ നേരിടേണ്ടത്. അട്ടിമറി നടന്നാല്‍ നവ്യ ദേശീയ തലത്തില്‍ തന്നെ പ്രശസ്തയാവും. വോട്ടുവര്‍ധിപ്പിക്കാന്‍ സാധിച്ചാലും അത് നേട്ടമാണ്.

അപ്രതീക്ഷിതമായാണ് നവ്യ ഹരിദാസ് സ്ഥാനാര്‍ഥി ആയിരിക്കുന്നത്. വയനാടിന് വേണ്ടത് നാട്ടുകാരനാണ് എംപിയാണെന്നാണ് മത്സരത്തിന് ഒരുങ്ങുന്ന നവ്യ പറയുന്നത്. വീട്ടുകാരും സുഹൃത്തുക്കളും സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സന്തോഷത്തിലും ഞെട്ടലിലുമാണെന്നാണ് അവര്‍ പറയുന്ന്ത. അവസാന നിമിഷമാണ് മത്സരത്തെ കുറിച്ച് നേതൃത്വം സൂചന നല്‍കിയതെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ആത്മവിശ്വാസത്തോടെയാണ് വയനാട്ടിലേക്ക് പോകുന്നത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യവും വയനാട്ടിലെ പ്രത്യേക സാഹചര്യവും എടുത്തുനോക്കുമ്പോള്‍ തീര്‍ച്ചയായിട്ടും അവിടത്തെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റം കൊണ്ടുവരാന്‍ ബിജെപിക്ക് സാധിക്കുമെന്നു അവര്‍ അഭിപ്രായപ്പെടുന്നു.

മഹിള മോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വയനാട്ടില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു നവ്യ. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സമയത്ത് അവിടെ പ്രവര്‍ത്തിച്ചിരുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഇടപെട്ടിരുന്നു. അതിനു മുന്‍പും സംഘടന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വയനാട് അയല്‍ ജില്ല എന്നതില്‍ ഉപരിയായി അടുത്തറിയാവുന്ന പ്രദേശമാണെന്നും നവ്യ അവകാശപ്പടുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: