തിരുവനന്തപുരം: വീട്ടുജോലിക്കെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി നിരവധിപേര്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്ത സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് കഠിനതടവും പിഴയും വിധിച്ച് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി. മലയിന്‍കീഴ് മേപ്പുക്കട കുറ്റിക്കാട് വാടയ്ക്ക് താമസിച്ചിരുന്ന തുരുത്തുംമൂല കാവിന്‍പുറം പെരുവിക്കോണത്ത് പടിഞ്ഞാറേക്കര സൗമ്യ ഭവനില്‍ എല്‍.ശ്രീകല (47), കൊല്ലോടു പൊട്ടന്‍കാവ് വാടകയ്ക്ക് താമസിക്കുന്ന അരുവിപ്പാറ സനൂജ മന്‍സിലില്‍ ഷൈനി എന്ന് വിളിക്കുന്ന ബി.ഷാഹിദാബീവി (52), മലയിന്‍കീഴ് ബ്ലോക്ക് നടയില്‍ വാടകയ്ക്ക് താമസിക്കുന്ന മാറനല്ലൂര്‍ ചീനിവിള മുണ്ടന്‍ചിറ കിടക്കുംകര പുത്തന്‍വീട്ടില്‍ എന്‍.സദാശിവന്‍ (71), മേപ്പുകട കുറ്റിക്കാട് വാടകയ്ക്ക് താമസിക്കുന്ന മുണ്ടേല കുരിശടിക്ക് സമീപം സുരേഷ് ഭവനില്‍ സുമേഷ് എന്ന ജെ.രമേഷ് (33) എന്നിവരെയാണ് അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്.രമേഷ്‌കുമാര്‍ 30 വര്‍ഷം കഠിനതടവിനും ഓരോരുത്തരും ഒരു ലക്ഷം രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്.
തുക അതിജീവിതയ്ക്ക് നല്‍കണം.പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷവും അഞ്ച് മാസവും അധിക കഠിനതടവ് അനുഭവിക്കണം.2015 ക്രിസ്മസിന് മുന്‍പാണ് പീഡനം തുടങ്ങിയത്. നിത്യവൃത്തിക്ക് വകയില്ലാതെ ശ്രീകലയുടെ വീട്ടിലാണ് കുട്ടി ജോലിക്ക് എത്തിയിരുന്നത്. രൂപ തരാമെന്ന് പ്രലോഭിപ്പിച്ച് രമേഷ് ഇവിടെ വച്ച് ആദ്യമായി പീഡിപ്പിച്ചു. പിന്നീട്, ശ്രീകലയുടെ കൂട്ടുകാരിയായ ഷാഹിദാബീവിയുടെ വീട്ടിലെത്തിച്ച് പലര്‍ക്കും കാഴ്ചവച്ചു. സദാശിവന്റെ ഓട്ടോറിക്ഷയില്‍ നെയ്യാറ്റിന്‍കര, നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിലെത്തിച്ചും പീഡിപ്പിച്ചു. ഇയാളും കുട്ടിയെ ഉപദ്രവിച്ചു.
കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് മാതാവ് വിളപ്പില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പിയായിരുന്ന ജെ.കെ.ദിനില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 15 ഓളം പേര്‍ പീഡനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഡി.ആര്‍.പ്രമോദ്, അഡ്വ.പ്രണവ്, അസി.സബ് ഇന്‍സ്പെക്ടര്‍ സെല്‍വി ലൈസന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.36 സാക്ഷികളെ വിസ്തരിച്ചു.58 രേഖകള്‍ ഹാജരാക്കി.