”വിവാഹമോചിതരായ സ്ത്രീകളോട് സൗഹൃദം സ്ഥാപിക്കാന്‍ ഭര്‍ത്താക്കന്മാരെ ഒട്ടുമിക്ക ഭാര്യമാരും അനുവദിക്കില്ല… പേടിയാണ്”
പതിനാലാം വയസ് മുതല്‍ തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാണ് നടി ഗായത്രി രഘുറാം. 2002ല്‍ പുറത്തിറങ്ങിയ ശക്തി ചിദംബരത്തിന്റെ ‘ചാര്‍ലി ചാപ്ലിന്‍’ എന്ന സിനിമയിലൂടെയായിരുന്നു ഗായത്രി അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ഗായത്രി നിരവധി സിനിമകള്‍ ചെയ്തു. ‘നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുമുണ്ടൊരു രാജകുമാരി’യിലൂടെയാണ് ഗായത്രിയെ മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ഗായത്രിയുടെ പിതാവ് രഘുറാം തെന്നിന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന കൊറിയോഗ്രാഫറായിരുന്നു.
ദീപക്ക് ചന്ദ്രശേഖറിനെയാണ് ഗായത്രി വിവാഹം ചെയ്തത്. ആ വിവാഹബന്ധം അധിക കാലം നീണ്ടുനിന്നില്ല ഇരുവരും വേര്‍പിരിഞ്ഞു. ഞങ്ങളുടേത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു. പരസ്പരം മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ചുരുങ്ങിയ നാളത്തെ പരിചയം മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് ആ ജീവിതം ഞാന്‍ മറന്നു.
ഞങ്ങള്‍ രണ്ടുപേരും അതില്‍ നിന്ന് ഒരുപാട് ദൂരത്തേക്ക് വന്നു. ഇരുപത്തിമൂന്നാം വയസിലായിരുന്നു വിവാഹമോചനം. അതിനുശേഷം ഒരു പ്രണയമോ ക്രഷോ തോന്നിയിട്ടില്ല. ഇപ്പോള്‍ സിംഗിള്‍ ലൈഫാണ് ഇഷ്ടം എന്നാണ് മുമ്പൊരിക്കല്‍ വിവാഹമോചനത്തെ കുറിച്ച് സംസാരിക്കവെ ഗായത്രി പറഞ്ഞത്. വിവാഹമോചിതയായ സ്ത്രീക്ക് സമൂഹത്തില്‍ സേഫ്റ്റിയുണ്ടാകില്ലെന്ന് പറയുകയാണിപ്പോള്‍ ഗായത്രി.
അടുത്തിടെ ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. വിവാഹമോചിതരായ സ്ത്രീകള്‍ക്ക് എപ്പോഴും സമൂഹത്തില്‍ ഒറ്റപ്പെട്ടതായുള്ള തോന്നലുണ്ടാകുമെന്നും ഗായത്രി പറയുന്നു. സ്ത്രീകള്‍ എന്നാല്‍ തന്നെ അഴകാണ്. പിന്നെ എന്തിനാണ് മേക്കപ്പ്. കണ്‍മഷിയും ലിപ്സ്റ്റിക്കും മാത്രമാണ് ഞാന്‍ ഉപയോഗിക്കാറുള്ളത്. സൗന്ദര്യം മുഖത്തിനല്ല മനസിനാണ് വേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്.
മനസില്‍ നല്ല വിഷയം മാത്രം ചിന്തിച്ചാല്‍ മുഖം ഓട്ടോമാറ്റിക്കായി അഴകുള്ളതാകും. മെയില്‍ ഡൊമിനേഷനുള്ള സൊസൈറ്റിയാണ് നമ്മുടേത്. അതെപ്പോഴും ഉണ്ടാകും. ഇന്ന് സമൂഹത്തില്‍ വിവാഹമോചിതരായ നിരവധി സ്ത്രീകളുണ്ട്. റിലേഷന്‍ഷിപ്പുകള്‍ ഇന്നത്തെ കാലത്ത് വളരെ വേഗത്തില്‍ തകരുന്നുണ്ട്. വിവാഹമോചിതയായ സ്ത്രീക്ക് സമൂഹത്തില്‍ സേഫ്റ്റിയുണ്ടാകില്ല. അതാണ് സത്യം.
വിവാഹമോചിതരായ സ്ത്രീകളെ സമീപിക്കാന്‍ എളുപ്പമാണ്… അവരെ അനായാസം തോല്‍പ്പിക്കാം, അറ്റാക്ക് ചെയ്യാം, വ്യക്തിഹത്യ നടത്താം എന്നൊരു തോന്നല്‍ ആളുകള്‍ക്കിടയിലുണ്ട് എന്നതാണ് മറ്റൊരു കാര്യം. അതുപോലെ അഡ്ജസ്റ്റ്മെന്റ് എന്നത് സിനിമയില്‍ മാത്രമല്ല നമ്മുടെ സൊസൈറ്റിയില്‍ പോലുമുണ്ട്. ഒരു പെണ്ണ് വിവാഹമോചിതയായി വന്നാല്‍ അവളുടെ സുഹൃത്തുക്കള്‍ തന്നെ ആദ്യം അവളെ ചൂഷണം ചെയ്യാന്‍ നോക്കും.
അങ്ങനെ തോന്നാത്തവരുണ്ടെങ്കില്‍ അവര്‍ ആ സ്ത്രീയെ രക്ഷിക്കണം എന്ന തോന്നലുള്ളവരാകും. പിന്നെ വിവാഹമോചിതയായ സ്ത്രീയുമായി സൗഹൃദം പുലര്‍ത്താന്‍ ഭാര്യമാര്‍ അവരുടെ ഭര്‍ത്താക്കന്മാരെ അനുവദിക്കാറില്ല. ഭര്‍ത്താവ് ഉപേക്ഷിച്ച് പോകുമോയെന്ന പേടിയാണ് അവര്‍ക്ക്. ഇതൊക്കെ കൊണ്ട് തന്നെ വിവാഹമോചിതയായ സ്ത്രീകള്‍ പെട്ടന്ന് ഒറ്റപ്പെടുന്ന അവസ്ഥ വരും.
നമ്മളെ സമൂഹം സ്വീകരിക്കുന്നില്ലല്ലോയെന്ന ചിന്ത വരും. എനിക്ക് ഇപ്പോള്‍ എന്റെ അച്ഛന്‍ പോലുമില്ല. അതുകൊണ്ട് തന്നെ ഇവിടെ ജീവിക്കുമ്പോള്‍ എന്നെ ഞാന്‍ ആണായും പെണ്ണായും ഇരുന്ന് വേണം സംരക്ഷിക്കാന്‍.
വിവാഹമോചനത്തിനുശേഷം വീണ്ടും വിവാഹിതരാകാത്ത സ്ത്രീകളെല്ലാം ഇങ്ങനെ തന്നെയാണ്. അതുകൊണ്ട് തന്നെ ആളുകള്‍ ഇങ്ങനെയുള്ള സ്ത്രീകളെ വ്യക്തിഹത്യ ചെയ്ത് ഭയപ്പെടുത്താന്‍ നോക്കും. നമ്മളെ കുറിച്ചുള്ള മറ്റുള്ളവരുടെ ധാരണകള്‍ തെറ്റാണെന്നത് നമ്മുടെ പ്രശ്നമല്ല.
വിവാഹമോചിതരായ സ്ത്രീകള്‍ക്ക് എപ്പോഴും സമൂഹത്തില്‍ ഒറ്റപ്പെട്ടതായുള്ള തോന്നലുണ്ടാകും. ഒരു തുണയുണ്ടായിരുന്നെങ്കിലെന്നും തോന്നും. അതേസമയം പങ്കാളി ആവശ്യമാണോയെന്നും തോന്നും. കാരണം വലിയൊരു കഷ്ടപ്പാടില്‍ നിന്നും രക്ഷപ്പെട്ട് വന്നതേയുണ്ടാകു.
അതുകൊണ്ട് തന്നെ വീണ്ടും വിവാഹിതയാകണോ വേണ്ടയോ എന്നവര്‍ ചിന്തിച്ചുകൊണ്ടേയിരിക്കും. ചിലര്‍ക്ക് രണ്ടാം വിവാഹം നല്ല രീതിയില്‍ നടക്കും. മറ്റ് ചിലര്‍ക്ക് അങ്ങനെയായിരിക്കില്ല. ഇനി ഒരു വിവാഹത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ലെന്നും പറഞ്ഞാണ് ഗായത്രി അവസാനിപ്പിച്ചത്.