ബംഗളൂരു: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ ബിജെപി എംഎല്‍എയ്ക്കെതിരെ കൂടുതല്‍ ആരോപണവുമായി പരാതിക്കാരി. ബംഗളൂരുവിലെ രാജേശ്വരി നഗര്‍ എംഎല്‍എ മുനിരത്ന നായിഡു മുന്‍ കര്‍ണാടക മുഖ്യമന്ത്രിയെ ഹണിട്രാപ്പില്‍പെടുത്തി ബ്ലാക്ക്മെയില്‍ ചെയ്തു മന്ത്രിസ്ഥാനം ഒപ്പിച്ചെന്നാണു പുതിയ ആരോപണം. ബസവരാജ ബൊമ്മൈ സര്‍ക്കാരില്‍ ഹോര്‍ട്ടികള്‍ചര്‍ മന്ത്രിയായിരുന്നു മുനിരത്ന.
സാമൂഹിക പ്രവര്‍ത്തകയുടെ ലൈംഗിക പീഡന പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് മുനിരത്ന നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ബംഗളൂരു കോടതി കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. 2021ല്‍ മുന്‍ മുഖ്യമന്ത്രിയെ ഹണിട്രാപ്പില്‍പെടുത്തി രഹസ്യ വീഡിയോ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്തു എന്നാണു പരാതിക്കാരി ആരോപിക്കുന്നത്. സംഭവത്തിനു പിന്നാലെയാണ് അവസാന നിമിഷം മുനിരത്നയെ മന്ത്രിസഭയിലെടുത്തതെന്നും ഇവര്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും തെളിവുകളും കര്‍ണാടക പൊലീസിന്റെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറുമെന്ന് 38 കാരി അറിയിച്ചു. എംഎല്‍എയ്ക്കെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങളില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് എസ്ഐടി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ലൈംഗിക പീഡനം, ബ്ലാക്ക്മെയില്‍, ജാതി അധിക്ഷേപം തുടങ്ങിയ കുറ്റങ്ങളാണ് നിലവില്‍ മുനിരത്നയ്ക്കെതിരെയുള്ളത്.
ലൈംഗിക പീഡനക്കേസില്‍ ബംഗളൂരുവിലെ സ്പെഷല്‍ കോടതിയാണു ജാമ്യം അനുവദിച്ചത്. സ്ത്രീകളെ ഉപയോഗിച്ച് രാഷ്ട്രീയക്കാരെയും സര്‍ക്കാര്‍ ജീവനക്കാരെയും ഹണിട്രാപ്പില്‍ അകപ്പെടുത്തി ബ്ലാക്ക്മെയില്‍ ചെയ്തു കാര്യങ്ങള്‍ സാധിക്കുന്നതാണ് ഇയാളുടെ രീതിയെന്നാണു പ്രധാന പരാതി. ഇയാള്‍ ബ്ലാക്ക്മെയിലിങ്ങിനായി ഉപയോഗിച്ച നിരവധി സ്ത്രീകളെ നേരിട്ട് അറിയാമെന്നു പരാതിക്കാരി പറയുന്നു. മുന്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ ഉപയോഗിച്ച സ്ത്രീകളെയും അറിയാം. ഹൈടെക് രഹസ്യ കാമറകള്‍ ഉപയോഗിച്ചാണ് ഇയാള്‍ വിഡിയോകള്‍ പകര്‍ത്തുന്നത്. നിരവധി രാഷ്ട്രീയക്കാരുടെ രഹസ്യ വീഡിയോകള്‍ ഇയാളുടെ കൈവശമുണ്ടെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു.
2020നും 2022നും ഇടയില്‍ എംഎല്‍എ തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും രാജേശ്വരി നഗര്‍ സ്വദേശിയായ യുവതി പരാതി നല്‍കിയിരുന്നു. ഇതിന്റെയെല്ലാം വീഡിയോ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്തെന്നും പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 18നാണ് പരാതി നല്‍കിയത്. നേരത്തെ ജാത്യാധിക്ഷേപക്കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലായിരുന്നു മുനിരത്ന.
നേരത്തെ സിനിമ നിര്‍മാതാവായിരുന്ന മുനിരത്ന 2019ല്‍ കോണ്‍ഗ്രസ് വിട്ടാണ് ബിജെപിയിലെത്തുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ പുറത്താക്കാന്‍ ബിഎസ് യെദ്യൂരപ്പ നടത്തിയ ഓപറേഷന്റെ ഭാഗമായായിരുന്നു കൂടുമാറ്റം.