പത്തനംതിട്ട: കണ്ണൂരില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവിന്റേത് സിപിഎം കുടുംബം. നവീനും ഭാര്യ മഞ്ജുവും ഇടത് അനുകൂല ഓഫിസര്‍മാരുടെ സംഘടനയില്‍ അംഗങ്ങളാണ്. സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് നവീന്‍ കാസര്‍കോട്ടേക്ക് പോയി. അവിടെനിന്നാണ് മാസങ്ങള്‍ക്കു മുന്‍പ് കണ്ണൂരിലെത്തിയത്. പത്തനംതിട്ടയിലേക്ക് അടുത്തിടെ സ്ഥലംമാറ്റം ലഭിച്ചു. നവീന്റെ പത്തനംതിട്ടയിലേക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധിക്ഷേപിച്ച് സംസാരിച്ച വിഷമത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.
നവീന്‍ ബാബുവിന്റെ വീട് മലയാലപ്പുഴയ്ക്കടുത്ത് താഴം എന്ന സ്ഥലത്താണ്. നവീന്‍ കൈക്കൂലി വാങ്ങുന്ന ആളല്ലെന്ന് നാട്ടുകാരും സുഹൃത്തുക്കളും ഒന്നടങ്കം പറയുന്നു. സിപിഎമ്മിന്റെ അടിയുറച്ച വിശ്വാസികളാണ് കുടുംബമെന്നും ബന്ധുക്കള്‍ പറഞ്ഞു. പാര്‍ട്ടി കുടുംബമാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. അച്ഛന്‍ കൃഷ്ണന്‍നായരും അമ്മ രത്‌നമ്മയും പാര്‍ട്ടിക്കാരാണ്. ഇരുവരും അധ്യാപകരായിരുന്നു.
അമ്മ രത്‌നമ്മ 1979ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. നവീന്‍ ബാബു സര്‍വീസിന്റെ തുടക്കത്തില്‍ എന്‍ജിഒ യൂണിയന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്നു. പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ സിപിഎം അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ അംഗമായി. ഭാര്യയും സംഘടനയില്‍ അംഗമാണ്.
ബന്ധുക്കളില്‍ പലരും സിപിഎം അനുകൂല സര്‍വീസ് സംഘടനകളില്‍ അംഗമാണ്. ഭാര്യയുടേതും പാര്‍ട്ടി കുടുംബമാണ്. അടുത്ത ബന്ധു ഓമല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. പി.പി.ദിവ്യ തെറ്റു ചെയ്‌തെങ്കില്‍ നടപടിയെടുക്കണമെന്നും പാര്‍ട്ടിക്കു പരാതി നല്‍കുമെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹന്‍ പറഞ്ഞു. നടപടിയില്ലെങ്കില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും പത്തനംതിട്ടയിലെ സിപിഎം നേതാക്കള്‍ പറയുന്നു. വിളിക്കാത്ത ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നു ചെല്ലുന്നതില്‍ ദുരുദ്ദേശ്യമുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.
നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. നാട്ടില്‍ എല്ലാവരുമായും നല്ല ബന്ധം സൂക്ഷിക്കുന്ന ആളാണ്. നവീന്‍ ഒരിക്കലും കൈക്കൂലി വാങ്ങില്ലെന്നും രാഷ്ട്രീയക്കാര്‍ കുടുക്കിയതായിരിക്കുമെന്നും സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. രേഖകളില്ലാത്തതിനാലാകും പെട്രോള്‍ പമ്പിന് അനുമതി നല്‍കാത്തതെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി. കൂടുതല്‍ സമയവും പത്തനംതിട്ടയിലാണ് നവീന്‍ ജോലി ചെയ്തതെന്നും ശത്രുകള്‍പോലും കൈക്കൂലിക്കാരനാണെന്ന് പറയില്ലെന്നും മറ്റൊരു സുഹൃത്ത് പറഞ്ഞു.