കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ ആരോപണം ശക്തം. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. നവീന്‍ ബാബുവിന്റെ യാത്രയയ്പ്പ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുചെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധിക്ഷേപകരമായ കാര്യങ്ങള്‍ പറയുകയായിരുന്നുവെന്നു സണ്ണി ജോസഫ് ആരോപിച്ചു. കണ്ണൂര്‍ കളക്ടറേറ്റില്‍ സ്വകാര്യ ചടങ്ങായാണ് അത് സംഘടിപ്പിച്ചത്. മാധ്യമങ്ങളെ പോലും ചടങ്ങിന് ക്ഷണിച്ചിരുന്നില്ല. എന്നാല്‍, എല്ലാ മുന്‍നിര മാധ്യമങ്ങളും ആ പരിപാടിക്കെത്തി. പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാസ് എന്‍ട്രി നടത്തി. പിന്നെ പ്രസംഗവും.
ജനപ്രതിനിധികളെ ആരെയും വിളിക്കാത്ത യോഗത്തിലായിരുന്നു എ.ഡി.എമ്മിന് യാത്രയയപ്പ് നല്‍കിയത്. അതിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുചെല്ലുകയും തീര്‍ത്തും അധിക്ഷേപകരമായ കാര്യങ്ങള്‍ പറയുകയുമാണ് ചെയ്തത്. പരാതികളുണ്ടെങ്കില്‍ അത് അതിന്റെതായ രീതിയിലായിരുന്നു പറയേണ്ടിയിരുന്നത്. വിജിലന്‍സിന് പരാതിയും നല്‍കും. ഈ യോഗത്തില്‍ എഡിഎമ്മിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നാക്രമിക്കുമെന്ന സൂചന മാധ്യമങ്ങള്‍ക്ക് നേരത്തെ കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ചാനലുകളും പത്രപ്രതിനിധികളും എല്ലാ ആ ചടങ്ങിനെത്തിയതെന്ന സംശയം സജീവമാണ്. അതായത് അവിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്താന്‍ ഉദ്ദേശിച്ച ‘സൂപ്പര്‍ ഷോ’ നേരത്തെ തന്നെ മാധ്യമങ്ങള്‍ അറിഞ്ഞു.
ഇത് ഒരു അധിക്ഷേപവും അവഹേളനവുമായിട്ടേ ആര്‍ക്കും തോന്നുകയുള്ളു. നവീന്‍ ബാബുവിനും തോന്നിയിട്ടുണ്ടാകാം. ഏതായാലും ഈ മരണ കാരണം പരിശോധിക്കപ്പെടണം. സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് മരണകാരണം എന്ത് എന്ന് കണ്ടെത്തണം. സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. കളക്ടര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെയാളാണ്. ആ ഒരു വ്യക്തിക്ക് പോലും ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവുന്നു എന്നത് ഏറെ വേദനാജനകമാണ്. പ്രതിഷേധാര്‍ഹമാണ്. വളരെ ശക്തമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. വില്ലേജ് ഓഫീസറായി തുടങ്ങി എഡിഎമ്മായി ഉയര്‍ന്ന വ്യക്തിയാണ് നവീന്‍ ബാബു. ഇടതു പശ്ചാത്തലമുള്ള കുടുംബമാണ്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുമെന്ന് കരുതി കാത്തുനിന്ന കുടുംബത്തിന് തീരാ ദുഖമായി എഡിഎമ്മിന്റെ തൂങ്ങിമരണം.
മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിസന്ധിയാലാക്കിയ പിവി അന്‍വര്‍ മാതൃകയില്‍ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കണ്ണൂര്‍ രാഷ്ട്രീയത്തിലെ പുതിയ ചെന്താരകമാകുകയായിരുന്നു പിപി ദിവ്യയുടെ ലക്ഷ്യം. കാസര്‍കോടായിരുന്നു എഡിഎമ്മായി നവീന്‍ ബാബു ആദ്യം ജോലി ചെയ്തത്. അവിടുത്തെ മികവ് കണക്കിലെടുത്താണ് കണ്ണൂരിലേക്ക് മാറ്റിയത് സിപിഎം സംഘടനാ പ്രതിനിധിയുമായിരുന്നു. ഇങ്ങനെയുള്ള നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. ചെങ്ങളയിലുള്ള പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതില്‍ അഴിമതി നടത്തിയെന്നായിരുന്നു പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ ആരോപിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിനായി പി.പി.ദിവ്യ ഇന്ന് വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് നവീന്‍ ബാബുവിന്റെ മരണം.
കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്കായിരുന്നു നവീന്‍ ബാബുവിന്റെ സ്ഥലം മാറ്റം. നാട്ടിലേക്കുള്ള സ്ഥലം മാറ്റം ആഗ്രഹിച്ച് വാങ്ങിയതാണ്. ഇതിനിടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപമാനിച്ചത്. പോലീസിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും പിവി അന്‍വര്‍ ആരോപണം ഉന്നയിച്ചത് ജില്ലാ പോലീസ് അസോസിയേഷന്‍ യോഗത്തിലായിരുന്നു. സമാന രീതിയില്‍ യാത്ര അയപ്പ് ചടങ്ങിലെ വെളിപ്പെടുത്തലുകള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ചര്‍ച്ചയാക്കി കണ്ണൂരില്‍ ഇമേജ് ഉയര്‍ത്തുകയായിരുന്നു ദിവ്യയുടെ ലക്ഷ്യമിട്ടതെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണ് യാത്ര അയപ്പ് ചടങ്ങില്‍ മാധ്യമങ്ങളെ അടക്കം ചില കേന്ദ്രങ്ങളെത്തിച്ചത്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നിട്ടും അവിടേക്ക് നാടകീയമായി കടന്നുവന്നാണ് അവര്‍ ജില്ലാ കലക്ടറുള്‍പ്പെടെ ഉണ്ടായിരുന്ന വേദിയില്‍വച്ച് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ തഹസില്‍ദാറാണ്. ഭര്‍ത്താവിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കൂട്ടാനായി മഞ്ജുഷയും രണ്ട് പെണ്‍മക്കളും ചെങ്ങന്നൂരില്‍ എത്തിയിരുന്നു. നവീന്‍ ബാബു തീവണ്ടി ഇറങ്ങിയില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മരണം പുറംലോകത്ത് എത്തിയത്.
അന്‍വര്‍ മോഡലില്‍ മാസ് പ്രസംഗം; പിന്നെ പത്ര സമ്മേളനത്തിലൂടെ താരമാകല്‍! മാധ്യമങ്ങള്‍ ഒരിക്കലും എത്താന്‍ വഴിയില്ലാത്ത യാത്ര അയപ്പ് ചടങ്ങില്‍ ചാനലുകളും പത്രക്കാരും എത്തിയതും ഇമേജ് ഉയര്‍ത്തല്‍ ഗൂഡാലോചനയോ? വെളുക്കാന്‍ തേച്ചത് പാണ്ടായി; പിപി ദിവ്യയുടേത് അസ്വാഭാവിക പ്രത്യക്ഷപ്പെടല്‍; നവീന്‍ ബാബു തുങ്ങി മരിക്കുമ്പോള്‍