പട്‌ന: ബിഹാറില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത ബിജെപി എംഎല്‍എ മിഥിലേഷ് കുമാര്‍ വിവാദത്തില്‍. സീതാമഡി ജില്ലയില്‍ ശനിയാഴ്ച നടന്ന വിജയദശമി ആഘോഷത്തിനിടെയാണ് മിഥിലേഷ് കുമാര്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ നല്‍കിയത്. ചടങ്ങുകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
സീതാമഡി മണ്ഡലത്തിലെ ബിജെപി എംഎല്‍എയാണ് മിഥിലേഷ് കുമാര്‍. സീതാമഡി നഗരത്തിലെ കപ്രോല്‍ റോഡില്‍ ആഘോഷങ്ങള്‍ക്കായി പന്തലുകള്‍ ഒരുക്കിയിരുന്നു. ഇവിടെ ചടങ്ങുകള്‍ക്കായി ഒത്തുകൂടിയ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കാണ് വാളുകള്‍ വിതരണം ചെയ്തത്. വാളുകൊണ്ട് അതിക്രമങ്ങളെ അതിജീവിക്കാന്‍ സഹോദരിമാര്‍ക്ക് കഴിയുമെന്നു പറഞ്ഞു കൊണ്ടാണ് മിഥിലേഷ് കുമാര്‍ വാളുകള്‍ വിതരണം ചെയ്തത്.
”വാളുകള്‍ നല്‍കി നമ്മുടെ സഹോദരിമാരെ ശാക്തീകരിക്കുകയാണ് ചെയ്തത്. അവരെ ആക്രമിക്കുന്നവരുടെ കൈകള്‍ വെട്ടിയെടുക്കാന്‍ വാളുകള്‍ ഉപകരിക്കും. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പിന്നീട് നീതി ലഭിക്കാനായി അവര്‍ക്ക് ഓടിനടക്കേണ്ടി വരുന്നു. നീതിലഭിക്കുന്നത് പലപ്പോഴും വൈകുന്നു. പല നേതാക്കളും പ്രതികള്‍ക്ക് അനുകൂലമായാണ് സംസാരിക്കുന്നത്. ഈ വാളുപയോഗിച്ച് പെണ്‍കുട്ടികള്‍ക്ക് സ്വയം രക്ഷിക്കാന്‍ കഴിയും” മിഥിലേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.