LIFELife Style

സ്വന്തമായി മൊബൈല്‍ ഫോണില്ല, താമസം രണ്ടു മുറി ഫ്ളാറ്റില്‍! ടാറ്റയുടെ ശതകോടീശ്വരനായ അനുജന്റെ അത്ഭുതജീവിതം ഇങ്ങനെ…

മുംബൈ: ടാറ്റാ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായിരുന്ന രത്തന്‍ ടാറ്റയുടെ ഇതിഹാസസമാനമായ ജീവിതത്തെ ആദരവോടെ ഓര്‍ക്കുകയാണിപ്പോള്‍ രാജ്യം. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മുംബൈയിലെ നരിമാന്‍ പോയിന്റിലെ നാഷനല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സിലാണ് പൊതുദര്‍ശനം നടക്കുന്നത്. ഇതിനിടെ, സഹോദരനെ അവസാനമായൊരു നോക്കുകാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി എന്‍സിപിഎ ലോണ്‍സിലേക്ക് വീല്‍ചെയറില്‍ എത്തിയ ജിമ്മി ടാറ്റയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

രത്തന്‍ ടാറ്റയുടെ ഇളയ സഹോദരനാണ് ജിമ്മി. പൊതുരംഗത്ത് ഒരിക്കലും പ്രത്യക്ഷപ്പെടാറില്ല അദ്ദേഹം. ടാറ്റയുടെ നിരവധി ബിസിനസ് സംരംഭങ്ങളില്‍ ശതകോടികളുടെ ആസ്തിയുണ്ടെങ്കിലും കമ്പനിയുടെ മുഖമായി ഒരിക്കലും അദ്ദേഹത്തെ ആരും കണ്ടുകാണില്ല. 2023 ജനുവരിയില്‍ രത്തന്‍ ടാറ്റ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനു പിന്നാലെയാണ് ജിമ്മിയെ കുറിച്ച് ആളുകള്‍ തിരയാന്‍ തുടങ്ങിയത്.

Signature-ad

‘സന്തോഷനാളുകളായിരുന്നു അത്. ഒന്നിനും ഞങ്ങളെ വേര്‍പിരിക്കാനായില്ല. 1945ല്‍ എന്റെ സഹോദരന്‍ ജിമ്മിക്കൊപ്പം’-എന്നു പറഞ്ഞായിരുന്നു വളര്‍ത്തുനായയ്ക്കൊപ്പമുള്ള തങ്ങളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം രത്തന്‍ പങ്കുവച്ചത്.

ഇതിനുമുന്‍പ് ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കയും ജിമ്മിയെ കുറിച്ചൊരു കുറിപ്പ് പങ്കുവച്ചിരുന്നു സോഷ്യല്‍ മീഡിയയില്‍. മുംബൈയിലെ കൊളാബയില്‍ രണ്ടുമുറി ഫ്ളാറ്റില്‍ നിശബ്ദജീവിതം നയിക്കുന്ന രത്തന്‍ ടാറ്റയുടെ ഇളയ സഹോദരന്‍ ജിമ്മി ടാറ്റയെ അറിയുമോ എന്നായിരുന്നു അന്ന് എക്സില്‍(അന്നത്തെ ട്വിറ്റര്‍) ഹര്‍ഷ് ചോദിച്ചത്. ബിസിനസില്‍ ഒരു താല്‍പര്യവുമില്ലാത്തയാളാണ്. എന്നാല്‍, മികച്ചൊരു സ്‌ക്വാഷ് കളിക്കാരനാണ്. എപ്പോഴും എന്നെ സ്‌ക്വാഷില്‍ പരാജയപ്പെടുത്തുന്നയാളെന്ന് ഹര്‍ഷ് ഗോയങ്ക പറഞ്ഞു. ടാറ്റാ ഗ്രൂപ്പിലെ ഒരു ‘ലോ പ്രൊഫൈല്‍’ വ്യക്തിത്വം എന്നു പറഞ്ഞാണ് ജിമ്മിയുടെ ഒരു തെളിച്ചം കുറഞ്ഞ പടം ആര്‍പിജി തലവന്‍ പങ്കുവച്ചത്.

നവാല്‍ ടാറ്റ-സൂനി ടാറ്റ ദമ്പതികളുടെ രണ്ടാമത്തെ മകനായാണ് ജിമ്മിയുടെ ജനനം. 1948ല്‍ നവാലും സോനിയും വേര്‍പിരിഞ്ഞതോടെ മുത്തശ്ശി നവാജ്ബായ് ടാറ്റയാണ് രത്തനെയും ജിമ്മിയെയും വളര്‍ത്തിയത്. നവാല്‍ ടാറ്റയുടെ രണ്ടാമത്തെ ഭാര്യ സിമോണ്‍ ടാറ്റയുമായുള്ള ദാമ്പത്യത്തില്‍ നോയല്‍ ടാറ്റ എന്നൊരു അര്‍ധസഹോദരനും ഇവര്‍ക്കുണ്ട്.

തുടക്കം മുതല്‍ തന്നെ കുടുംബത്തിന്റെ പാരമ്പര്യത്തില്‍ അത്ര താല്‍പര്യം കാണിച്ചിരുന്നില്ല ജിമ്മി. ബിസിനസിനോട് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വന്തമായ വഴികല്‍ലൂടെ ഒതുങ്ങിക്കൂടിയുള്ള ജീവിതമായിരുന്നു. സഹോദരന്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ വിവിഐപികളിലൊരാളും വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായും പ്രശസ്തിയുടെ പരകോടിയില്‍ നില്‍ക്കുമ്പോഴും ആ വഴികളില്‍നിന്നെല്ലാം മാറിസഞ്ചരിച്ചു ജിമ്മി.

ഒരു സമയത്തും ടാറ്റയുടെ ദൈനംദിന കാര്യങ്ങളില്‍ ജിമ്മി ഇടപെട്ടില്ല. എല്ലാം സഹോദരനായിരുന്നു നോക്കിനടത്തിയിരുന്നത്. പിന്നീട് വിവാഹം കഴിച്ച് കുടുംബജീവിതമായപ്പോഴും പൊതുശ്രദ്ധകളില്‍നിന്നെല്ലാം മാറിനിന്നു. ഇപ്പോള്‍ കൊളാബയിലെ ഹാംപ്റ്റന്‍ കോര്‍ട്ടിന്റെ ആറാം നിലയില്‍ രണ്ട് കിടപ്പുമുറികള്‍ മാത്രമുള്ള ഫ്ളാറ്റിലാണ് അദ്ദേഹത്തിന്റെ താമസം. സാങ്കേതികവിദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ എത്തിനില്‍ക്കുമ്പോഴും സ്വന്തമായൊരു മൊബൈല്‍ ഫോണില്ല അദ്ദേഹത്തിന്. പത്രങ്ങളില്‍നിന്നും പുസ്തകങ്ങളില്‍നിന്നുമാണത്രെ അദ്ദേഹം ലോകവിവരങ്ങള്‍ അറിയുന്നതും മനസിലാക്കുന്നതുമെല്ലാം.

അതേസമയം, ടാറ്റ മോട്ടേഴ്സ്, ടാറ്റ സ്റ്റീല്‍, ടാറ്റ സണ്‍സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസസ്(ടിസിഎസ്), ടാറ്റ പവര്‍, ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റ കെമിക്കല്‍ തുടങ്ങി ടാറ്റ കമ്പനികളിലെല്ലാം ജിമ്മിക്ക് വലിയ ഓഹരിയുണ്ട്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ ട്രസ്റ്റി കൂടിയാണ് അദ്ദേഹം. ശതകോടികളാണ് ആസ്തിയെങ്കിലും ആരുമറിയാതെ ലളിതജീവിതം തുടരുകയാണ് ജിമ്മി ടാറ്റ.

 

Back to top button
error: