KeralaNEWS

‘അനില്‍’ അംബാനി കമ്പനിയില്‍ നിയമവിരുദ്ധമായി കെഎഫ്സി നിക്ഷേപം; 100 കോടി നഷ്ടമെന്നു സതീശന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്സി) അനില്‍ അംബാനിയുടെ കമ്പനിയില്‍ കോടികള്‍ നിക്ഷേപിച്ചതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് മുതലാളിമാരോട് കാട്ടുന്ന അതേ സമീപനമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റേത്. മോദി കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതി തള്ളുമ്പോള്‍ കേരള സര്‍ക്കാര്‍ അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കോടികള്‍ നല്‍കി.

നിയമപ്രകാരം സംസ്ഥാനത്തെ എംഎസ്എംഇ അടക്കമുള്ള വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കുക എന്നതാണ് കെഎഫ്സിയുടെ പ്രധാന ലക്ഷ്യം. 2018 ഏപ്രില്‍ 26ന് അനില്‍ അംബാനിയുടെ റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് (ആര്‍സിഎഫ്എല്‍) എന്ന സ്ഥാപനത്തില്‍ കെഎഫ്സി 60.80 കോടി നിക്ഷേപിച്ചു. കെഎഫ്സിയുടെ അസറ്റ് ലയബിലിറ്റി മാനേജ്മെന്റ് കമ്മിറ്റി തീരുമാനപ്രകാരമാണ് പണം നിക്ഷേപിച്ചത്. എന്നാല്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിക്ഷേപം നടത്തിയ സ്ഥാപനത്തിന്റെ പേര് ബോധപൂര്‍വം വെളിപ്പെടുത്തിയിട്ടില്ല. നിയമപ്രകാരം കെഎഫ്സിക്ക് റിസര്‍വ് ബാങ്കിലോ ദേശസാല്‍കൃത ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ബോണ്ടിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് ആണെങ്കില്‍ ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം എന്നും നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കെഎഫ്സി ബോര്‍ഡ് യോഗം നടന്നത് 2018 ജൂണ്‍ 18നാണ്. പക്ഷേ അംബാനിയുടെ കമ്പനിയില്‍ 2018 ഏപ്രില്‍ 26നാണു പണം നിക്ഷേപിച്ചത്.

Signature-ad

ആര്‍സിഎഫ്എല്‍ ഒരു എന്‍ബിഎഫ്സി ആയതു കൊണ്ട് അതില്‍ നിക്ഷേപിക്കാന്‍ നിയമപരമായി സാധിക്കില്ല. തുടര്‍ന്ന് 2019ല്‍ ആര്‍സിഎഫ്എല്‍ കമ്പനി ലിക്വിഡേറ്റ് ചെയ്തു. 2020 മാര്‍ച്ച് മുതല്‍ പലിശ പോലും ലഭിച്ചിട്ടില്ല. ആര്‍സിഎഫ്എല്‍ ലിക്വിഡേറ്റ് ചെയ്തപ്പോള്‍ 7.09 കോടി രൂപ ലഭിച്ചിട്ടുള്ളതായി 2020-21 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നിക്ഷേപത്തില്‍ പലിശയുള്‍പ്പെടെ 101 കോടി രൂപ നഷ്ടപ്പെട്ടു എന്നാണ് കണക്ക്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ല. കെഎഫ്സിയിലെ ഇടത് സംഘടനാ നേതാക്കളും മാനേജ്മെന്റും സര്‍ക്കാരിന്റെ ഒത്താശയോടെ നടത്തിയ വന്‍ കൊള്ളയാണിതെന്നും സതീശന്‍ ആരോപിച്ചു.

Back to top button
error: