ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍. ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഇറാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. വിഷയത്തില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മാനുഷിക പരിഗണനവച്ചു സഹായിക്കാന്‍ തയാറാണെന്നുമാണ് അദ്ദേഹം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞെന്നും കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നേരത്തേ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റാഷിദ് അല്‍ അലിമി അനുമതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണു കേന്ദ്രത്തിന്റെ ഇടപെടല്‍.
സ്വദേശിയായ തലാല്‍ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടു യെമന്‍ തലസ്ഥാനമായ സനായിലെ ജയിലില്‍ 2017 മുതല്‍ കഴിയുകയാണു പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. വധശിക്ഷ ഒരു മാസത്തിനകം നടപ്പാകുമെന്നാണു വിവരം. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വര്‍ഷം ഏപ്രില്‍ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ 2 തവണ മകളെ ജയിലില്‍ചെന്നു കാണാന്‍ സാധിച്ചു.
2015 ല്‍ സനായില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവര്‍ത്തകയുമായി ചേര്‍ന്നു തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു