ഒറ്റ വര്‍ഷം മൂന്ന് കിരീടങ്ങള്‍! അമേരിക്കന്‍ സൗന്ദര്യ മത്സരങ്ങളില്‍ തിളങ്ങി മലയാളി വീട്ടമ്മ
ന്യൂയോര്‍ക്ക്: യുഎസിലെ സൗന്ദര്യ വേദികളില്‍ തിളങ്ങി മലയാളി യുവതി. ഒറ്റ വര്‍ഷം കൊണ്ട് മൂന്നു കിരീടങ്ങള്‍ സ്വന്തമാക്കിയാണ് മൂന്നു കുട്ടികളുടെ അമ്മയായ സ്മിത ഭാസി സഞ്ജീവ് കുതിക്കുന്നത്. മിസിസ് യുഎസ്എ സൗന്ദര്യ മത്സരത്തിലാണ് സ്മിത കിരീടം ചാര്‍ത്തിയത്.
നോര്‍ത്ത് കാരോലൈനയിലെ റാലിഹില്‍ മേയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ മിസിസ് യുഎസ്എ എടിഎ നോര്‍ത്ത് കാരോലൈനയായി കിരീടം നേടിയാണ് സ്മിതയുടെ തുടക്കം. ജൂണില്‍ അറ്റ്‌ലാന്റയിലെ ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ് സെന്ററില്‍ നടന്ന മിസിസ് യുഎസ്എ എടിഎ നാഷനല്‍സിലും കിരീടം നേടി.
നവംബറില്‍ ന്യൂ ജഴ്‌സിയില്‍ നടന്ന മത്സരത്തില്‍ മിസിസ് യുഎസ്എ യൂണിവേഴ്‌സ് സൗത്ത് കാരോലൈനയായി തിരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം കടുത്ത മത്സരം നടക്കുന്ന മിസിസ് യുഎസ്എ യൂണിവേഴ്‌സ് മത്സരത്തിലെ ടോപ് ഫൈവില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സൗന്ദര്യമത്സര രംഗത്തെ നേട്ടങ്ങള്‍ക്കപ്പുറം കുച്ചിപ്പുടി നര്‍ത്തകി കൂടിയാണ് സ്മിത.
സ്മിതയുടെ നേട്ടങ്ങള്‍ക്ക് പത്തരമാറ്റ് തിളക്കമുണ്ട്. കാരണം വേദനയുടെ ആഴക്കടല്‍ നീന്തിയാണ് അവര്‍ വിജയ തീരത്ത് അണഞ്ഞത്. സഹോദരന്റെ ദുരന്തപൂര്‍ണമായ വേര്‍പാടും തുടര്‍ന്നുണ്ടായ മാനസികാഘാതവും സ്മിതയെ കുറച്ചൊന്നുമല്ല തളര്‍ത്തിയത്. ഒഴിഞ്ഞുമാറി ഏകാകിയായി പോയ അവസ്ഥ. തന്നിലുള്ള കലാകാരിയെപ്പോലും മറന്ന അവസ്ഥ.
എന്നാല്‍, ഇതിനെയെല്ലാം തരണം ചെയ്താണ് സ്മിത സൗന്ദര്യ മത്സരലോകത്തിലേക്ക് വീണ്ടും തിരിച്ചെത്തിയത്. അംഗീകാരങ്ങളെക്കാള്‍ കൂടുതലായി അവരുടെ അര്‍പ്പണ മനോഭാവവും മറ്റുള്ളവരെക്കൂടി ഈ രംഗത്ത് കൈപിടിച്ചുയര്‍ത്താനുള്ള ആഗ്രഹവുമാണ് വീണ്ടും മത്സരരംഗത്തെത്താന്‍ കാരണമായത്. അതാകട്ടെ മൂന്നു കിരീട നേട്ടങ്ങളിലേക്ക് അവരെ കൈപിടിച്ചു നടത്തുകയും ചെയ്തു.
തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം കുടുംബത്തിന്റെ ശക്തമായ പിന്തുണയാണെന്ന് സ്മിത പറയുന്നു. ഭര്‍ത്താവ് സഞ്ജീവ് നായര്‍, മക്കളായ ആയുഷ്, ആര്യന്‍, അയാന്‍ഷ് എന്നിവരാണ് ശക്തിയുടെയും നേട്ടങ്ങളുടെയും പിന്നിലെ പ്രേരകശക്തിയെന്ന് സ്മിത ഉറച്ചുവിശ്വസിക്കുന്നു. തന്റെ ആഗ്രഹങ്ങള്‍ക്കും ബോധ്യങ്ങള്‍ക്കും പിന്നാലെ പോകുമ്പോഴും കുടംബത്തിന്റെ പ്രാധാന്യം ഒരിക്കലും മറക്കാറില്ല. വിവിധ ഭാഗങ്ങളിലുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും എന്നും പിന്തുണയേകുന്നതായി സ്മിത പറഞ്ഞു.
മൂന്നു കുട്ടികളുടെ അമ്മ, കലാരംഗത്തെ അംബാസഡര്‍, സ്ത്രീ ശാക്തീകരണത്തിന്റെ വക്താവ് എന്നീ നിലകളില്‍ അവള്‍ പ്രത്യാശയുടെ അടയാളമാകുന്നു. തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനും ജീവിതലക്ഷ്യങ്ങള്‍ പുനര്‍ നിര്‍വചിക്കുന്നതിനും അവര്‍ മറ്റു സ്ത്രീകള്‍ക്ക് ഒരു മാതൃകയാണ്. ജീവിതത്തില്‍ പിന്നാക്കം പോയവര്‍ക്ക് അസാധാരണ നേട്ടങ്ങള്‍ കൈവരിക്കാന്‍ സ്മിതയുടെ ജീവിതം ഉത്തേജനമാണ്.