KeralaNEWS

രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍  ഗവര്‍ണറായി ചുമതലയേറ്റു: കേരളം കാത്തിരിക്കുന്നത് ആരിഫും ആര്‍ലെകറും തമ്മിലുള്ള അന്തരം

    കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതി മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ വൈകീട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആര്‍ലെകറെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നാണ് സ്വീകരിച്ചത്.

1989ല്‍ ബിജെപിയില്‍ അംഗത്വമെടുത്ത ആര്‍ലെകര്‍ ഗോവയില്‍ വനം വകുപ്പ് മന്ത്രിയുമായും സ്പീക്കറായും ചുമതല വഹിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര സര്‍ക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ആര്‍ലെകർ. ക്രിസ്ത്യന്‍ പശ്ചാത്തലമുളള ഗോവയില്‍ നിന്നുള്ള ഇദ്ദേഹത്തിൻ്റെ നിയമനം രാഷ്ട്രീയ കരുനീക്കമാണെന്ന് വിലയിരുന്നുന്നു. കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തിനിടയിലേയ്ക്ക് കടന്നെത്താനുള്ള നീക്കത്തിൻ്റെ തുടർച്ചയാണ് ഈ നീക്കമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് നിയമിച്ചതിന് പിന്നാലെയാണ് ബിഹാര്‍ ഗവര്‍ണറായിരുന്ന രാജേന്ദ്ര ആര്‍ലെകറെ കേരളത്തിലേക്ക് നിയോഗിച്ചത്.

Signature-ad

കേരളത്തില്‍ വൈസ് ചാന്‍സലര്‍ നിയമനവുമായിബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനും തര്‍ക്കം പതിവായിരുന്നു. രൂക്ഷമായ ഈ തര്‍ക്കം കോടതി ഇടപെടലിലേക്ക് വരെ എത്തിയിട്ടുണ്ട്. ബില്ലുകള്‍ അനന്തമായി പിടിച്ചുവച്ചതിന് സുപ്രീംകോടതിയില്‍ നിന്ന് അതിരൂക്ഷവിമര്‍ശനം അദ്ദേഹം നേരിട്ടു. കോണ്‍ഗ്രസും ബിഎസ്പിയും അടക്കം നാലോളം പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയിൽ എത്തിയത്.പല തവണ സര്‍ക്കാരുമായി  അനാവശ്യ ഏറ്റുമുട്ടൽ സൃഷ്ടിച്ചതുകൊണ്ടാവാം സര്‍ക്കാര്‍ ആരിഫ് മുഹമ്മദ്ഖാന് യാത്രയയപ്പ് പോലും നല്‍കിയില്ല.

ആർലെകർ കേരളത്തിൽ ഗവർണറായി ചുമതലയേൽക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ബിഹാർ ഗവർണർ ആയിരിക്കെ ചാന്‍സലറുടെ അധികാരത്തെ വെല്ലുവിളിക്കുകയും സര്‍വ്വകലാശാലകളുടെ സ്വയംഭരണാധികാരം വെട്ടിക്കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ബിഹാര്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ആർലെകർ രൂക്ഷമായി വിമര്‍ശിച്ചു. പട്‌ന സര്‍വകലാശാലയുടെ പരിപാടിയ്ക്കിടെയായിരുന്നു വിമര്‍ശനം. രാജ്ഭവനും സര്‍ക്കാരും സ്ഥാപനങ്ങളും ഒറ്റപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ സര്‍വകലാശാലകളിലും കോളജുകളിലും പുരോഗതി ഉണ്ടാകില്ല എന്ന കാഴ്ചപ്പാടാണ് അന്ന് ആര്‍ലെകര്‍ ശക്തമായി അവതരിപ്പിത്. ഈയൊരു സാഹചര്യത്തിൽ സർവ്വകലാശാലകളിലെ ഗവർണറുടെ അധികാരത്തെ സംബന്ധിച്ച് നിലനിൽക്കുന്ന തർക്കങ്ങളിൽ ആർലെകറുടെ നിലപാട് നിർണായകമാകും.

ചരിത്രത്തെ വളച്ചൊടുക്കുന്നതും ജനാധിപത്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നതില്‍ ആര്‍ലേക്കര്‍ ഒട്ടും പിന്നിലല്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം വിജയിച്ചത് സത്യഗ്രഹം കൊണ്ടല്ലെന്നും നിരവധി പേര്‍ ആയുധമെടുത്ത് പോരാടിയത് കൊണ്ടാണെന്നും അദ്ദേഹം അടുത്തിടെ പ്രസ്താവിച്ചിരുന്നു.  രാജ്യത്തെ ചരിത്രമെഴുതിയത് കമ്മ്യൂണിസ്റ്റുകാരാണെന്നും നെഹ്റു മന്ത്രിസഭയില്‍ സോഷ്യലിസ്റ്റുകള്‍ ആയിരുന്നെന്നും ആര്‍ലേക്കര്‍ പ്രസ്താവിച്ചിരുന്നു.

ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്താന്‍ അദ്ദേഹം ശ്രമിക്കാനും സാദ്ധ്യതയുണ്ട്. അതിനെയൊക്കെ കേരളത്തിലെ പൊതുസമൂഹം തള്ളിക്കളയുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: