NEWSPravasi

പ്രവാസത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് വലിയ ആശ്വാസം; താത്കാലിക തൊഴില്‍ വിസയില്‍ മാറ്റങ്ങള്‍ അനുവദിച്ച് സൗദി

റിയാദ്: തൊഴില്‍തേടി മലയാളികളടക്കം അനേകം ഇന്ത്യക്കാര്‍ ദിവസേന വിമാനം കയറുന്ന ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. തൊഴില്‍ വിസയിലും വിസിറ്റ് വിസയിലുമൊക്കെയാണ് തൊഴില്‍തേടി കൂടുതല്‍ പേരും സൗദിയിലെത്തുന്നത്. എന്നാല്‍ നിശ്ചിത കാലാവധിക്കുള്ളില്‍ തൊഴില്‍ ലഭ്യമാകാതെ വരുമ്പോള്‍ പലര്‍ക്കും നിരാശരായി മടങ്ങേണ്ടിയും വരുന്നു. ഇപ്പോഴിതാ പ്രവാസ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി താത്കാലിക തൊഴില്‍ വിസകള്‍ക്കുള്ള പുതിയ നിയന്ത്രണങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് സൗദി സര്‍ക്കാര്‍.

ഹജ്ജ് തീര്‍ത്ഥാടനം, ഉംറ പോലുള്ള ചെറിയ തീര്‍ത്ഥാടനങ്ങള്‍ എന്നിവയുടെ സേവനങ്ങളുമായി ബന്ധപ്പെട്ട താത്കാലിക തൊഴില്‍ വിസകള്‍ ഉള്‍ക്കൊള്ളുന്ന നിയമങ്ങള്‍ക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അംഗീകാരം നല്‍കി. ഇതിലൂടെ തൊഴില്‍ വിപണിയുടെ ആവശ്യകതകള്‍ അനുസരിച്ച് താത്കാലിക വിസകള്‍ ഉപയോഗിക്കുന്നതിന് സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ അവസരമൊരുങ്ങുമെന്ന് മാനഭ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. പുതുക്കിയ ചട്ടങ്ങള്‍ ഉംറ സീസണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാവുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Signature-ad

കൂടാതെ പുതിയ നിയമം കരാര്‍ അടിസ്ഥാനത്തിലുള്ള തൊഴില്‍ ദാതാവിന്റെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു. പുതുക്കിയ നിയമപ്രകാരം ഇരുകക്ഷികളും ഒപ്പിട്ട തൊഴില്‍ കരാറിന്റെ പകര്‍പ്പ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് രേഖകള്‍ വിസ അനുവദിക്കുന്നതിന് മുന്‍വ്യവസ്ഥയായി ഹാജരാക്കാന്‍ പുതിയ നിയന്ത്രണങ്ങള്‍ നിര്‍ബന്ധമാക്കുന്നു. പുതുക്കിയ നിയമപ്രകാരം താത്കാലിക തൊഴില്‍ വിസാ കാലാവധി 90 ദിവസത്തേയ്ക്ക് കൂടി നീട്ടാന്‍ സ്ഥാപനങ്ങള്‍ക്ക് സൗകര്യം നല്‍കുന്നു. ഭേദഗതികള്‍ അംഗീകാരം ലഭിച്ച തീയതി മുതല്‍ 180 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും.

 

Back to top button
error: