IndiaNEWS

രജിനികാന്തിന് ഹൃദയധമനിയിൽ നീർവീക്കം, സ്റ്റെൻ്റിട്ടു; ആരോഗ്യനില തൃപ്തികരമെന്നു മെഡിക്കൽ ബുള്ളറ്റിൻ

    നടൻ രജനീകാന്തിനെ ഇന്നലെ (തിങ്കൾ) രാത്രി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പെട്ടെന്നുണ്ടായ കഠിനമായ വയറുവേദനയെ തുടർന്നാണ് 73കാരനായ താരം ചികിത്സ തേടിയത്. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും 2 ദിവസത്തിനകം വീട്ടിലേക്ക് മടങ്ങുമെന്നും അപ്പോളോ ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

രജിനികാന്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള പ്രധാന രക്തക്കുഴലിൽ (അയോർട്ട) നീർവീക്കമാണെന്നും ഇത് ശസ്ത്രക്രിയേതര ട്രാൻസ്കത്തീറ്റർ രീതിയിലൂടെ ചികിത്സിച്ചുവെന്നും ഇത്  പൂർണമായും ഭേദമാകുന്നതിന് സീനിയർ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. സായി സതീഷ് അയോർട്ടയിൽ സ്റ്റെൻ്റ് സ്ഥാപിച്ചുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.

Signature-ad

ഒക്ടോബർ 10ന് റിലീസ് ചെയ്യുന്ന ‘വേട്ടയാൻ’ ചിത്രത്തിൻ്റെ പ്രൊമോഷൻ തിരക്കിലായിരുന്നു രജിനികാന്ത്. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘വേട്ടയാൻ’ രജിനികാന്തിൻ്റെ 170-ാമത് ചിത്രമാണ്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, റിതിക സിങ്, ദുഷാര വിജയൻ, അഭിരാമി തുടങ്ങിയ നീണ്ട താരനിര ചിത്രത്തിലുണ്ട്. ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രത്തിൻ്റെ നിർമാണം.

രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യുടെ ഷൂട്ടിങ്ങും ഇപ്പോൾ പുരോഗമിക്കുകയാണ്. നാഗാർജുന, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ്, ഉപേന്ദ്ര എന്നിവർ ചിത്രത്തിലുണ്ട്. വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലായി ഷൂട്ടിങ് നടന്ന ചിത്രം അടുത്ത വർഷമാണ് റിലീസ് ചെയ്യുക. കുറച്ചുദിവസങ്ങൾക്ക് മുൻപാണ് താരം ചെന്നൈയിലേക്ക് മടങ്ങിയെത്തിയത്.

രജിനികാന്ത് വേഗം സുഖം പ്രാപിക്കട്ടെയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എക്സിലൂടെ ആശംസിച്ചു. രജനികാന്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും തങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ വ്യക്തമാക്കി.

രജിനികാന്ത് 2016ൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക്  വിധേയനായിരുന്നു. 2021ൽ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സ തേടിയ രജിനികാന്തിനെ തലച്ചോറിലേക്കുള്ള രക്ത വിതരണം പുനസ്ഥാപിക്കുന്നതിനുള്ള കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷന് വിധേയമാക്കിയിരുന്നു.

Back to top button
error: