കോട്ടയം വാഴൂരിൽ ചെത്ത് തൊഴിലാളിയെ കല്ലിനിടിച്ച് കൊലപ്പെടുത്തി. വാഴൂർ കറിയാപ്പറമ്പിൽ ബിജുവിനെയാണ് (57) പ്രദേശ വാസിയായ 23 കാരൻ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചാമംപതാൽ വെള്ളാറപ്പള്ളിൽ അപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് (ഞായർ) വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. മുൻ വൈരാഗ്യത്തെ തുടർന്നാണത്രേ അപ്പു ബിജുവിനെ കൊലപ്പെടുത്തിയത്.
തെങ്ങ് ചെത്താനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. നിലത്തു വീണ ബിജുവിൻ്റെ തലയ്ക്ക് കരിങ്കല്ലുകൊണ്ട് ഇടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീട് ഇയാളെ ചാമംപതാൽ ഭാഗത്തു നിന്നും പൊലീസ് പിടികൂടി. ബിജു സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇവർ തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കറുകച്ചാൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരേതനായ കെ.ബാഹുലേയന്റെ മകനാണ് ബിജു. മാതാവ് സബിത. ഭാര്യ: ദീപ. മക്കൾ: ജോതിക, ജെതിൻ, ജയന്ത് : മൂവരും മറവൻതുരുത്ത് ടി ജെ എം സ്കൂൾ വിദ്യാർത്ഥികൾ. സംസ്ക്കാരം നാളെ ( തിങ്കൾ) വൈകുന്നേരം 3 മണിക്ക് വീട്ട് വളപ്പിൽ.