KeralaNEWS

പുഷ്പന് വിടനല്‍കാന്‍ നാട്; വിലാപയാത്ര ആരംഭിച്ചു

കോഴിക്കോട്: ഇന്നലെ അന്തരിച്ച കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് വിട നല്‍കാനൊരുങ്ങി നാട്. കോഴിക്കോട്ടുനിന്ന് തലശ്ശേരിയിലേക്ക് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. കോഴിക്കോട് യൂത്ത് സെന്ററില്‍ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

യാത്രക്കിടെ നിരവധി സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് പുഷ്പന്റെ മൃതദേഹം കാണാന്‍ അവസരമൊരുക്കും. എലത്തൂരിലാണ് ആദ്യം ആംബുലന്‍സ് നിര്‍ത്തുക. അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ നരിവധി പേരാണ് പാതയോരങ്ങളില്‍ തടിച്ചുകൂടിയിട്ടുള്ളത്. തലശ്ശേരി ടൗണ്‍ ഹാളിലും ചൊക്ലി രാമവിലാസം സ്‌കൂളിലും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. തുടര്‍ന്ന് വൈകിട്ട് അഞ്ചിന് ചൊക്ലിയിലെ വീട്ടുപരിസരത്ത് സംസ്‌കരിക്കും.

Signature-ad

കൂത്തുപറമ്പ് വെടിവെപ്പില്‍ ?ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് അന്ത്യം സംഭവിക്കുന്നത്. 1994 നവംബര്‍ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ വെടിയേറ്റ് ശരീരം തളര്‍ന്ന് ജീവിതകാലം മുഴുവന്‍ ശയ്യയില്‍ ആയ വ്യക്തിയാണ് പുഷ്പന്‍.

വെടിവെപ്പില്‍ സുഷുമ്‌നാനാഡി തകര്‍ന്ന് കഴുത്തിന് താഴെ ചലനശേഷി നഷ്ടമായി 24ാം വയസ്സിലാണ് അദ്ദേഹം കിടപ്പിലാവുന്നത്. അന്ന് മന്ത്രിയായിരുന്ന എം.വി രാഘവനെ തടയാനെത്തിയതായിരുന്നു പുഷ്പനടക്കമുള്ള സമരക്കാര്‍. കെ.കെ രാജീവന്‍, കെ. ബാബു, മധു, കെ.വി റോഷന്‍, ഷിബുലാല്‍ എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. ഡിവൈഎഫ്‌ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു പുഷ്പന്റെ താമസം.

 

Back to top button
error: