ന്യൂഡല്‍ഹി: പിതാവിനെയും നാല് പെണ്മക്കളെയും വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ റംഗ്പുരിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 50കാരനായ ഹിരലാലും അംഗവൈകല്യ ബാധിതരായ മക്കള്‍ നീതു (18), നിഷി (15), നീരു (പത്ത്), നിധി (എട്ട്) എന്നിവരുമാണ് മരിച്ചത്.
ഒരു വര്‍ഷം മുന്‍പ് ഹിര ലാലിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. അതിനുശേഷം മരപ്പണിക്കാരനായ ഹിരലാലും മക്കളുമായിരുന്നു വീട്ടില്‍ താമസം. നാല് പെണ്മക്കള്ക്കും ജന്മനാവൈകല്യങ്ങള്‍ ഉണ്ടായിരുന്നു. മൂത്ത മകളായ നീതുവിന് കാഴ്ച ശക്തിയില്ലായിരുന്നു. നിഷിക്ക് നടക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ബാക്കി രണ്ട് പെണ്‍കുട്ടികളുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് പൊലീസ് നല്കുന്ന വിവരം.
ഈ മാസം 24ന് ഹിര ലാല്‍ വീട്ടിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതിനുശേഷം ഇയാളുടെ വീട്ടില്‍ നിന്നും ആരും പുറത്തേക്ക് പോകുന്നതോ വരുന്നതോ ആയ തെളിവുകള്‍ ലഭിച്ചിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ വീടിന്റെ പ്രധാന വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഒടുവില്‍ അഗ്നിശമനാ സേനയെത്തിയാണ് വാതില്‍ തകര്‍ത്തത്.
പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ നിന്നും ഹിരലാലിന്റെ മൃതദേഹം മറ്റൊരു മുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. വായില്‍ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു അഞ്ച് മൃതദേഹങ്ങളും. കൂടാതെ മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്നും വിഷപദാര്‍ത്ഥങ്ങളും ജ്യൂസുകളും വെളളവും കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനകള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.