കൂടത്തായി കൊലപാതക കേസില്‍ പ്രതി ജോളിയുടെ ജാമ്യം സ്റ്റേ ചെയ്ത് സുപ്രീംകോടതി. ആദ്യ ഭര്‍ത്താവിന്റെ അമ്മ അന്നമ്മയെ കൊന്ന കേസില്‍ ഹൈക്കോടതി നല്കിയ ജാമ്യമാണ് സ്റ്റേ ചെയ്തത്.
14 വര്‍ഷത്തിനിടെയുണ്ടായ ആറ് മരണങ്ങള്. കൊലപാതകമാണെന്ന് തെളിഞ്ഞത് വീണ്ടും മൂന്ന് വര്‍ഷം കഴിഞ്ഞ്. 2019 ജൂലൈയില്‍ ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പൊന്നാമറ്റം റോയിയുടെ സഹോദരന് റോജോ വടകര റൂറല്‍ എസ്പിക്ക് പരാതി നല്കി. എസ്പി കെ.ജി.സൈമണ്‍ അന്വേഷണം സ്പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ജീവന് ജോര്‍ജിനു കൈമാറി. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യതയുണ്ടെന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി ആര്.ഹരിദാസന്റെ നേതൃത്വത്തില്‍ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെ രണ്ട് പള്ളികളിലെ മൂന്ന് കല്ലറകളിലായി അടക്കിയ മൃതദേഹങ്ങള്‍ പുറത്തെടുത്ത് വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
കല്ലറ തുറന്നതിനു പിന്നാലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാംപ്രതി ജോളി ജോസഫ്, സയനൈഡ് എത്തിച്ചുനല്‍കിയ എം.എസ്. മാത്യു, സയനൈഡ് കൈമാറിയ പ്രജികുമാര്‍ എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് ഈ മരണം കൊലപാതകമെന്ന് പുറംലോകമറിഞ്ഞത്. പിന്നീട് കൊലപാതക ശ്രമങ്ങളുടെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവന്നത്. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിച്ചത്.
ടോം തോമസ് പൊന്നാമറ്റം നേരത്തെ വെറുമൊരു മേല്‍വിലാസം മാത്രമായിരുന്നു. എന്നാല്‍ പിന്നീട് ഈ വീട് കേരളത്തിലെ ഒരുപ്രധാന ചര്‍ച്ചാവിഷയമായി മാറി. ഈ വീട്ടിലെ അംഗമായിരുന്ന ജോളി ജോസഫെന്ന വീട്ടമ്മയാണ് ആറ് കൊലപാതകങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. പ്ലസ്ടു യോഗ്യതമാത്രമുള്ള വീട്ടമ്മ എന്‍ഐടി പ്രഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം നടുക്കത്തോടെയാണ് കേരളം കേട്ടത്.
2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറുപേര്‍ സമാന സാഹചര്യത്തില്‍ മരിച്ചത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന് റോയ് തോമസ്, അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്ഫൈന് എന്നിവരാണ് മരിച്ചത്. അന്വേഷണത്തില്‍ നിന്ന് റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫാണ് ആറ് കൊലപാതകങ്ങളും നടത്തിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.