കേന്ദ്ര ബഡ്ജറ്റില്‍ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പൊളിക്കൽ പ്രഖ്യാപനം സത്യത്തിൽ നാടിന് ഗുണമോ ദോഷമോ.? 20 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നത് തടയുവാൻ വേണ്ടിയാണ് പുതിയ പ്രഖ്യാപനം എന്നാണ് കേന്ദ്രസർക്കാരും അവരുടെ അനുകൂലികളും പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നിർമല സീതാരാമൻ പ്രഖ്യാപിച്ച പൊളിക്കൽ നയത്തെക്കുറിച്ച് ആകെ മൊത്തത്തിൽ വ്യക്തത ഇല്ലെന്നും ആരോപണം ഉയർന്നു കേൾക്കുന്നുണ്ട്. ഇന്ത്യയില്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളെ ഒഴിവാക്കാൻ വേണ്ടിയാണ് പൊളിസി നയമെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. പുതിയ നയപ്രഖ്യാപനത്തിലൂടെ സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് 20 വർഷത്തിനു ശേഷവും പൊതു വാഹനങ്ങളുടേത് 15 വർഷത്തിലും നടത്തണമെന്നാണ് പറയുന്നത്. ഇപ്പോൾ നിരത്തിലുള്ള വാഹനങ്ങൾക്കാണോ അതോ പുതിയതായി വരുന്ന വാഹനങ്ങൾക്കാണോ നിയമം ബാധകമെന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.
പൊളിച്ചടുക്കൽ നയം നടപ്പാക്കാൻ തുടങ്ങിയാൽ രാജ്യത്ത് ഏറ്റവും വാഹന സാന്ദ്രതയുള്ള സംസ്ഥാനമായ കേരളത്തില്‍ 35 ലക്ഷം വാഹനങ്ങളെ ഇത് ബാധിക്കാനിടയുണ്ട്. 20 വർഷത്തിലേറെ പഴക്കമുള്ള 35 ലക്ഷത്തോളം വാഹനങ്ങൾ കേരളത്തിൽ ഉണ്ടെന്നാണ് കണക്ക്. 1000 ആളുകൾക്ക് 425 വാഹനങ്ങൾ എന്ന നിലയിലാണ് കേരളത്തിലെ വാഹനപ്പെരുപ്പം. പൊളിച്ചടുക്കൽ നയം ഏറ്റവുമധികം ബാധിക്കുക കേരളത്തിലെ ഇരുചക്ര വാഹനങ്ങളെയാണ്. തൊട്ട് പിന്നാലെ കാറുകളേയും. പൊളിച്ചടുക്കല്‍ നയം നടപ്പില്‍ വരുന്നതോടെ പഴയ വാഹനങ്ങൾ നിരത്തിൽ നിന്ന് ഒഴിവാകുകയും പകരം പുതിയ വാഹനങ്ങൾ എത്തുകയും ചെയ്യും എന്നാണ് കേന്ദ്രത്തിന്റെ അഭിപ്രായം. ഇതോടെ നിരത്തിലെ വാഹന അപകടങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകും എന്നും കേന്ദ്രം വിശദീകരിക്കുന്നു. 15 വർഷമായ വാണിജ്യ വാഹനങ്ങളും 20 വർഷമായ സ്വകാര്യ വാഹനങ്ങളും ഫിറ്റ്നെസ് ടെസ്റ്റിന് വിധേയമാക്കിയ ശേഷം പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൊളിച്ചുമാറ്റല്‍ നടപടി സ്വീകരിക്കേണ്ടി വരിക.
കേരളത്തിലെ കെഎസ്ആർടിസി, സ്വകാര്യബസ്സുകൾക്ക് കേന്ദ്രത്തിന്റെ പൊളിച്ചടുക്കൽ നയം തിരിച്ചടിയാകും എന്നാണ് കരുതുന്നത്. സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ച് സർക്കാർ ബസുകളുടെ ഉപയോഗ കാലാവധി 20 വർഷമായി ഉയർത്തിയത് കഴിഞ്ഞവർഷമാണ്. 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ബസ്സുകൾക്ക് നിയന്ത്രണമേർപ്പെടുത്താനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കേന്ദ്രത്തിന്റെ പൊളിക്കൽ നയം നടപ്പാക്കണമെങ്കിൽ തന്നെ അതിന് ഒരുപാട് സജ്ജീകരണങ്ങൾ സംസ്ഥാനങ്ങളിൽ ക്രമീകരിക്കേണ്ടത് ആയിട്ടുണ്ട്. വാഹനങ്ങളുടെ ക്ഷമത പരിശോധിക്കാൻ ടെസ്റ്റിംഗ് സെന്ററുകൾ, അംഗീകൃത സ്ക്രാപ്പിങ്ങ് സെന്ററുകൾ, വാഹനം പൊളിക്കാൻ അംഗീകൃത സംവിധാനമുള്ള സെന്ററുകൾ എന്നിവ തയ്യാറാക്കണം. വാഹനം പൊളിക്കുന്ന കേന്ദ്രങ്ങൾക്ക് വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി സ്ക്രാപ്പിങ്ങ് സർട്ടിഫിക്കറ്റ് നൽകാനുള്ള അനുമതി ഉണ്ടാകും. വാഹന ഉടമ ഈ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനത്തിന് നികുതിയിളവ് ലഭിക്കും. വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കലിന് ഇരട്ടി ഫീസും അധിക നികുതിയും ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ട്. ഇത് ബസ് മേഖലയ്ക്ക് തിരിച്ചടി ആകാനാണ് സാധ്യത.
പൊളിക്കൽ നയത്തെ ഏറ്റവും ആശങ്കയോടെ നോക്കിക്കാണുന്നത് വാഹന പ്രേമികളും, പഴയ വണ്ടി കച്ചവടക്കാരും, വാഹനം കൊണ്ട് ഉപജീവനം നടത്തുന്നവരുമാണ്. ഈ നിയമം ബാധിക്കുന്ന മറ്റൊരു വിഭാഗമാണ് വിന്റേജ് കാർ ഉടമകൾ. എല്ലാ വാഹന പരിശോധനകളും നടത്തി കൃത്യമായി പരിപാലിച്ച് പുതിയ വാഹനങ്ങൾ പോലെ കൊണ്ടുനടക്കുന്നവയാണ് വിന്റേജ് വാഹനങ്ങൾ. കേരളത്തിൽ രണ്ടേകാൽ ലക്ഷത്തോളം വിന്റേജ് വാഹനങ്ങൾ ഉണ്ടെന്നാണ് കണക്ക്. സ്ക്രാപ്പ് പോളിസി നടപ്പാക്കിയാൽ വിന്റേജ് വാഹനങ്ങൾ ഇനി കാഴ്ചവസ്തുവായി മാത്രമേ ഉപയോഗിക്കാനാകു. ഓട്ടോ, ടാക്സി മുതലായവയിൽ ഭൂരിഭാഗവും 15 വർഷം എന്ന കാലാവധിയോട് അടുത്ത് നില്‍ക്കുന്നവയാണ്. സ്ക്രാപ്പ് നിയമം നടപ്പാക്കിയാൽ പഴയ വാഹനം ഉപേക്ഷിച്ച് പുതിയ വാഹനം മേടിക്കേണ്ട അവസ്ഥയിലേക്ക് ഇവർ എത്തും. അങ്ങനെയെങ്കിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്കായിരിക്കും ഇവരുടെ പോക്ക്. ആശങ്കകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം