LocalNEWS

പിള്ളേരെക്കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍! പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ പോര്‍വിളിയും തമ്മില്‍ത്തല്ലും പതിവ് കാഴ്ച

കോട്ടയം:  പഠിക്കാന്‍ വന്നാല്‍ പഠിച്ചിട്ട് പോണം, പോര്‍വിളികളും തമ്മില്‍ തല്ലും ഇവിടെ വേണ്ട. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഇപ്പോഴത്തെ പ്രശ്നം സാമൂഹ്യവിരുദ്ധ ശല്യമല്ല. മറിച്ച് ബസ് കയറാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പോര്‍വിളികളും തമ്മില്‍ത്തല്ലുമാണ്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവരുടെ ശിങ്കിടികളായ യുവാക്കള്‍ പുറത്തുനിന്നുകൂടി എത്തുന്നതോടെ സംഭവം കൈവിട്ട് പോകും. ബസ് സ്റ്റാന്റ് പലപ്പോഴും സംഘര്‍ഷഭൂമി ആവുന്നതിന്റെ അമര്‍ഷത്തിലാണ് യാത്രക്കാര്‍.

ഈ അദ്ധ്യയന വര്‍ഷം തുടങ്ങിയതില്‍പ്പിന്നെ പത്തോ പതിനഞ്ചോ തവണ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടിയും അസഭ്യവര്‍ഷവും നടന്നുകഴിഞ്ഞു. പ്ലസ് ടു മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടിപിടി കൂട്ടത്തില്‍ ഉണ്ട്. മൂന്ന് മാസം മുമ്പ് ടൗണ്‍ ബസ് സ്റ്റാന്റില്‍ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിയുണ്ടായതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും ഓടിച്ചിരുന്നു.

Signature-ad

സ്റ്റാന്റിന്റെ ഇടനാഴിയില്‍ കൂടി തിയേറ്ററിലേക്കുള്ള ഇടനാഴിയില്‍നിന്ന് ചെറിയ കുട്ടികള്‍ വരെ പുകവലിക്കുന്നത് പതിവ് കാഴ്ചയാണ്. ഒരിക്കല്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ഈ ഇടനാഴിക്ക് സമീപവും അടികൂടി. ബസ് സ്റ്റാന്റില്‍ രാവിലെയും വൈകിട്ടും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ തിരക്കുള്ള സമയമാണ്. ഇതില്‍ വൈകുന്നേരങ്ങളിലാണ് വിദ്യാര്‍ത്ഥികളുടെ കൂടിച്ചേരല്‍ പലപ്പോഴും കയ്യാങ്കളിയിലേക്ക് എത്തിച്ചേരുന്നത്. ആ സമയത്തെങ്കിലും ഇവിടെ പൊലീസ് ഉണ്ടായിരുന്നെങ്കില്‍ അത് നന്നായേനെ. പക്ഷേ പലപ്പോഴും ഉണ്ടാകാറില്ല.

അതേസമയം, ബസ് സ്റ്റാന്റില്‍ ഇന്നലെ വൈകിട്ടും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവും ഉന്തും തള്ളും ഉണ്ടായി. ആരോ പൊലീസില്‍ വിവരമറിയിച്ചു. ഉടന്‍തന്നെ പൊലീസ് സ്ഥലത്തെത്തി കണ്ട വിദ്യാര്‍ത്ഥികളെ വിളിച്ച് പേരും സ്‌കൂളുമൊക്കെ തിരക്കി. എന്നാല്‍ ഈ വിദ്യാര്‍ത്ഥികളില്‍ പലരും യൂണിഫോം പോലുമായിരുന്നില്ല ധരിച്ചിരുന്നത്. പൊലീസ് വരുന്നതുകണ്ട് പ്രശ്നമുണ്ടാക്കിയ വിദ്യാര്‍ത്ഥികളില്‍ പലരും പലവഴിക്ക് കടന്നുകളയും ചെയ്തു. സ്‌കൂളുകളും കോളേജുകളും വിടുന്ന സമയത്തെങ്കിലും സ്റ്റാന്റില്‍ പൊലീസ് പട്രോളിംഗ് നടത്തണമെന്ന ആവശ്യം വ്യാപാരികളും മുന്നോട്ട് വയ്ക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: