”ജയറാം സിനിമയുടെ സ്‌ക്രിപ്റ്റില്‍ ജഗദീഷ് കൈകടത്തിയത് പ്രശ്നമായി; മുകേഷിന്റെ ഭാര്യയുടെ ചെലവ് കമ്പനിക്ക് വന്നു”
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെങ്കിലും കോടികള്‍ ഒഴുക്കി പടം പിടിക്കുന്ന ബോളിവുഡിന് പോലും എത്തി പിടിക്കാന്‍ പറ്റാത്ത ഉയരങ്ങള്‍ മലയാള സിനിമ കീഴടക്കുന്നുണ്ട്. കേരളത്തിലിറങ്ങുന്ന ഭൂരിഭാഗം സിനിമകളും താരങ്ങളും അവരുടെ പ്രകടനങ്ങളും പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയാവുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ചിലപ്പോഴൊക്കെ മലയാള സിനിമയിലെ ഒരു വിഭാഗം ആളുകളുടെ ചില മോശം പ്രവൃത്തികള്‍ ഉയരങ്ങളിലേക്ക് കുതിക്കുന്ന മലയാളം ഇന്റസ്ട്രിയെ പിറകിലേക്ക് വലിക്കുന്നുണ്ട്.
അത്തരത്തിലുള്ള നിരവധി കാര്യങ്ങള്‍ അടുത്തിടെ പുറത്തിറങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെയും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ അഭിനേതാക്കളെ കുറിച്ച് ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ മണക്കാട് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
മലയാള സിനിമയിലെ താരങ്ങളില്‍ ചിലര്‍ വീട്ടുകാരെ വരെ സെറ്റിലേക്ക് എത്തിച്ച് നിര്‍മാതാവിന് ചെലവ് കൂട്ടുമായിരുന്നുവെന്ന് രാജന്‍ പറയുന്നു. മലയാള താരങ്ങളെ അപേക്ഷിച്ച് ലാളിത്യവും വിനയവും തമിഴ് താരങ്ങള്‍ക്കാണ് കൂടുതലെന്നും രാജന്‍ പറയുന്നു. ചില അനുഭവങ്ങളും മാസ്റ്റര്‍ ബിന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജന്‍ പങ്കിട്ടു. താരങ്ങള്‍ക്ക് തമ്മില്‍ തമ്മില്‍ പണ്ട് കോംപ്ലക്സുണ്ടായിരുന്നു. ഇപ്പോഴുണ്ടോയെന്നത് അറിയില്ല.
ജയറാമിന്റെ സിനിമ വരുമ്പോള്‍ ജഗദീഷ് സ്‌ക്രിപ്റ്റില്‍ കൈ കടത്തുന്നുവെന്ന് പറഞ്ഞുള്ള പ്രശ്നങ്ങളുള്ള കാലഘട്ടമുണ്ടായിരുന്നു. ജയറാമും ജഗദീഷും ഒരുമിച്ച് വിജി തമ്പിയുടെ ജേണലിസ്റ്റ് എന്നൊരു സിനിമയില്‍ അഭിനയിച്ചിരുന്നു. ജയറാം പാര്‍വതിയെ കല്യാണം കഴിച്ച സമയമായിരുന്നു. ഈ സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തെ കുറിച്ച് ജഗദീഷിനോട് വിജി തമ്പി സംശയങ്ങളും മറ്റും ചോദിച്ച് ക്ലിയര്‍ ചെയ്തു.
അതില്‍ ജയറാമിന് ചെറിയ അതൃപ്തിയുണ്ടായിരുന്നു. അന്നൊക്കെ ഒരു കാറില്‍ ഒരുപാട് താരങ്ങളെ ഒരുമിച്ച് സെറ്റിലേക്ക് കൂട്ടികൊണ്ടുവരുമായിരുന്നു. ചിലര്‍ക്ക് എല്ലാവര്‍ക്കുമൊപ്പം യാത്ര ചെയ്യുന്നതിനോട് അതൃപ്തിയുണ്ടായിട്ടുമുണ്ട്. ചില താരങ്ങളുണ്ടെങ്കില്‍ മറ്റ് ചിലര്‍ അഭിനയിക്കാന്‍ വരില്ലെന്ന് പറയുന്ന സ്ഥിതിയുമുണ്ടായിരുന്നു. നടന്‍ പ്രഭു മലയാളി മാമന് വണക്കത്തില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ ഞാന്‍ കരുതി ഡിമാന്റുകള്‍ ഒരുപാടുണ്ടാകുമെന്ന്. പക്ഷെ അദ്ദേഹം സിംപിളായിരുന്നു. നമ്മള്‍ കൊടുത്ത റൂമില്‍ താമസിച്ചു.
ഭയങ്കര ലാളിത്യമാണ്. ശരത്കുമാറും പ്രഭുവിനെപ്പോലെ സിംപിളായിരുന്നു. അവരുടെ ഇന്റസ്ട്രിയില്‍ അവര്‍ എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. തമിഴ് താരങ്ങളുടെ വിനയം കാണുമ്പോള്‍ നമ്മുടെ ആര്‍ട്ടിസ്റ്റുകളെ കുറിച്ച് നമ്മള്‍ ചിന്തിക്കും. ഇന്നത്തെ തലമുറയിലെ താരങ്ങള്‍ക്ക് വിനയം കുറവാണ്. ഇന്ന് എല്ലാ താരങ്ങള്‍ക്കും അവരുടെ സ്വന്തം മേക്കപ്പ് മാന്‍, കോസ്റ്റ്യൂമര്‍, കുക്ക് എല്ലാമുണ്ട്.
പണ്ട് ഇതൊന്നും ഇല്ലായിരുന്നു. കമ്പനിയുടെ മേക്കപ്പ് മാനെയാണ് ഉപയോഗിച്ചിരുന്നത്. എന്നിട്ടും ചിലര്‍ അവരുടെ കാര്യങ്ങള്‍ നോക്കാനായി ആളെ വെക്കും. എന്നിട്ട് കമ്പനിയോട് ബാറ്റ കൊടുക്കാന്‍ പറയും. അതുപോലെ താരങ്ങളുടെ സുഹൃത്തുക്കള്‍ വന്ന് ഫുഡ് കഴിക്കും. ബില്ല് കമ്പനി വഹിക്കണം. മുകേഷിന്റെ ഭാര്യ സരിതയൊക്കെ വന്ന് കഴിയുമ്പോള്‍ അവരുടെ ചിലവ് കമ്പനിയാണ് നോക്കിയിരുന്നത്. അത് അന്ന് പ്രശ്നമായിട്ടുമുണ്ട്. ശേഷം താരങ്ങള്‍ അത് ദേഷ്യമായി നമ്മളോട് കാണിക്കും. പിന്നെ ഇവര്‍ക്ക് അറിയാവുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ വെക്കാന്‍ പ്രൊഡക്ഷനോട് സജസ്റ്റ് ചെയ്യുന്ന അവസ്ഥയുമുണ്ടായിരുന്നുവെന്നും രാജന്‍ പറയുന്നു.