KeralaNEWS

മനുഷ്യ സ്‌നേഹത്തിന്റെ മാതൃകയായി മനാഫ്; കുറ്റപ്പെടുത്തലുകള്‍ക്കിടെയും ഉറച്ചുനിന്ന നിശ്ചയദാര്‍ഢ്യം, ഷിരൂരില്‍നിന്നു അര്‍ജുനുമായി എത്തുമ്പോള്‍ വാഴ്ത്തുപാട്ടുമായി സൈബര്‍ പാണന്‍മാര്‍

കോഴിക്കോട്: ഗാംഗാവാലി പുഴയുടെ ആഴങ്ങളിലേക്ക് അര്‍ജുന്‍ മുങ്ങി താണപ്പോള്‍ അതിലേറെ ആഴത്തിലുള്ള മുറിവാണ് മനാഫ് എന്ന മനുഷ്യന്റെ മനസ്സിനേറ്റത്. സഹോദരനെ പോലെ കണ്ട് സ്നേഹിച്ചയാള്‍ മരണത്തിലേക്ക് നടന്നു നീങ്ങിയ ദു:ഖം ചില്ലറയാല്ലായിരുന്നു മനാഫിനെ വേട്ടയാടിയത്. അതുകൊണ്ട് തന്നെ മനാഫ് മനസ്സില്‍ ഉറപ്പിച്ചിരുന്നു, ഷിരൂരില്‍ നിന്നും ഒരു മടക്കമുണ്ടെങ്കില്‍ അത് അര്‍ജുനുമായി മാത്രം ആവുമെന്ന്. ആ നിശ്ചയ ദാര്‍ഡ്യമാണ് ഇന്നലെ അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നതിലേക്ക് എത്തിച്ചത്. ഒരു അന്യ സംസ്ഥാനത്തെ സര്‍ക്കാരിനെ പോലും ഞെട്ടിച്ച മനുഷ്യത്വത്തിന്റെ മാതൃകയായി മാറിയിരിക്കുകയാണ് മനാഫ്.

സോഷ്യല്‍ മീഡിയ അര്‍ജുനെ കൊലപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തിയപ്പോഴും മനസ്സ് കരിങ്കല്ലാക്കിയാണ് മനാഫ് പിടിച്ചു നിന്നത്. ജാതിയും മതവും പറഞ്ഞും മുതലാളി കൊലയ്ക്ക് കൊടുത്തെന്ന് പറഞ്ഞും പലരും കുറ്റപ്പെടുത്തി. മൂന്ന് ഘട്ടങ്ങളിലായി 71 ദിവസം നീണ്ട ഷിരൂര്‍ ദൗത്യത്തിന്റെ അനിശ്ചിത നാളുകളില്‍ മനാഫിനെ സമൂഹ മാധ്യമങ്ങളിലൂടെ പലരും അധിക്ഷേപിച്ചിരുന്നു. അര്‍ജുനെ കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നടക്കമുള്ള പ്രചാരണങ്ങളുണ്ടായി. ഈ ഘട്ടങ്ങളിലെല്ലാം സംയമനം പാലിച്ച മനാഫ്, മഴയും വെയിലും മാറിമാറി തീക്ഷ്ണത പകര്‍ന്ന ഷിരൂരില്‍ തന്റെ സഹോദരനെ പോലെ കരുതിയ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ രാപകലില്ലാതെ ഓടിനടക്കുകയായിരുന്നു. ഒടുവില്‍ ഗംഗാവാലി പുഴയുടെ ആഴങ്ങളില്‍നിന്ന് തകര്‍ന്ന ലോറിയുടെ കാബിനുള്ളില്‍ ജീവനൊലിച്ചുപോയ നിലയില്‍ അര്‍ജുനെ കണ്ടെത്തുമ്പോള്‍, അത് ജാതിക്കും മതത്തിനുമപ്പുറം മനുഷ്യനോടുള്ള ബഹുമാനത്തിന്റെ സാമൂഹിക പാഠമായി മാറി.

Signature-ad

സഹോദര ജീവന്‍ പുഴയിലുപേക്ഷിക്കുന്നതിന് പകരം അന്ത്യകര്‍മത്തിനായി ശേഷിപ്പെങ്കിലും വീണ്ടെടുക്കാനുള്ള സമാനതകളില്ലാത്ത ദൗത്യമാണ് ഷിരൂരില്‍ കണ്ടത്. അതിന്റെ തുടര്‍ച്ചയായാണ് കാണാതായ ലോകേഷ് ഭട്ട്, ജഗന്നാഥ് എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്ന കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയിലിന്റെ പ്രഖ്യാപനവും. അര്‍ജുനു വേണ്ടി കേരളം കാണിച്ച ജാഗ്രതയില്ലായിരുന്നെങ്കില്‍ ലോകേഷ് ഭട്ട്, ജഗന്നാഥ് എന്നിവര്‍ക്കായി തിരച്ചിലിന് സാധ്യത പോലും അവശേഷിക്കുമായിരുന്നില്ല.

‘നമ്മള്‍ എത്രയോ പുരോഗമിച്ച സമൂഹമാണ്. എന്നിട്ടും ദുരന്ത മുഖങ്ങളില്‍ ചിലയാളുകള്‍ ജാതിയും മതവും കാണുന്നു. ഇന്നലെ രാത്രി പോലും ഞാനതോര്‍ത്ത് കരഞ്ഞിട്ടുണ്ട്. എന്റെ കുടുംബത്തെ വരെ വിവാദത്തിലേക്ക് വലിച്ചിഴച്ചു. വിദ്വേഷങ്ങളില്ലാത്ത നാടാണ് നമുക്ക് വേണ്ടത്. ഷിരൂര്‍ ദുരന്തത്തില്‍ കേരളം കാണിച്ച ജാഗ്രതയും ഒത്തൊരുമയും വയനാട് ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പോസിറ്റിവായി ഫലം ചെയ്തുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദുരന്തമുഖങ്ങളില്‍ ജാഗ്രതയോടെയിരിക്കാന്‍ ഷിരൂര്‍ അപകടം നമ്മളെ ഓര്‍മിപ്പിക്കുന്നു. അര്‍ജുനുവേണ്ടി ഇത്രയെങ്കിലും എനിക്ക് ചെയ്യണമായിരുന്നു. ഒപ്പം നിന്ന എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി -മനാഫ് പറഞ്ഞു.

”ആ വണ്ടി പൊന്തിക്കുക. ആ ക്യാബിനിന്റെ ഉള്ളില്‍നിന്ന് അവനെ എടുക്ക, ഞമ്മക്ക് ആ വണ്ടീം വേണ്ട, മരോം വേണ്ട. ഒരു സാധാരണക്കാരന് കഴിയുന്നതിന്റെ പരമാവധി ഞാന്‍ ചെയ്ത്. അവന്റെ വീട്ടുകാര്‍ക്ക് ഞാന്‍ കൊടുത്ത വാക്ക് പാലിക്കുകയാണ്. ഒരാള്‍ ഒരു കാര്യത്തിന് ഉറപ്പിച്ച് ഇറങ്ങിയാല്‍ അത് സാധിക്കും. ആരും കൂടെ ഇല്ലെങ്കിലും സാധിക്കും. ആ ലോറി എനിക്ക് വേണ്ട. ഓനെ മതിയായിരുന്നു. ” – ഷിരൂര്‍ ഗംഗാവലിപ്പുഴയില്‍ ലോറി കണ്ടെത്തിയ ശേഷം വിങ്ങിപ്പൊട്ടിയാണ് മനാഫ് മാധ്യമങ്ങളൊട് സംസാരിച്ചത്.

ഇപ്പോള്‍ ഇതുപോലൊരാള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടായിരുന്നെങ്കിലെന്ന് പറഞ്ഞു മനാഫ് എന്ന മനുഷ്യന് സ്തുതി പാടുകയാണ് സമൂഹമാധ്യമങ്ങള്‍. ”ഒരു മുതലാളിയും തന്റെ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുക്കാന്‍ മാസങ്ങള്‍ ആ ഇടംവിട്ട് മറ്റൊന്നിനും പോകാതെ ഇത്ര കഷ്ടപ്പെട്ടിട്ടുണ്ടാകില്ല. ഇത്ര പണം മുടക്കിയിട്ടുണ്ടാകില്ല . അധികാരികളുടെ പുറകെ കെഞ്ചി നടന്നിട്ടുണ്ടാകില്ല.”, ”മണ്ണിനടിയില്‍ കിടക്കുന്നത് വിഐപി ആണോയെന്ന് ഒരു സംസ്ഥാനത്തെ ഞെട്ടിച്ച മുതലാളി.”, ”മനാഫിനെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാന്‍ തോന്നുന്നു”, ”ഇത് വരച്ചുകാണിക്കുന്നത് മുതലാളിക്ക് തൊഴിലാളിയോടുള്ള കടപ്പാട്.”, ”മനാഫ് എക്കാലവും മാതൃകയായി ഓര്‍മിക്കപ്പെടും. നിശ്ചയദാര്‍ഢ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി.”… തുടങ്ങി നിരവധി കുറിപ്പുകളാണ് മനാഫിനെ കുറിച്ച് ഫെയ്സ്ബുക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: