Social MediaTRENDING

മധു സാര്‍ പറഞ്ഞു, ”പപ്പയുടെ സ്ഥാനത്ത് ഇനി ഞാനുണ്ടാകും”… ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ചിന്ത

ടന്‍ മധുവിന് വികാരനിര്‍ഭരമായ ജന്മദിനാശംസകള്‍ നേര്‍ന്ന് ചിന്ത ജോറോം. താന്‍ പിഎച്ച്ഡിക്ക് സിനിമ വിഷയമായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് ചിന്ത പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പറഞ്ഞുതന്നത് മധുസാര്‍ ആണ്. അങ്ങനെയാണ് ഗവേഷണത്തിലേക്ക് കടക്കുന്നത്. മാത്രമല്ല തനിക്ക് ആദ്യമായി ഉപയോഗിക്കാന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി തന്നത് മുതല്‍ ഇടാനുള്ള നല്ല വസ്ത്രങ്ങള്‍ വാങ്ങിത്തന്നത് വരെ മധുസാര്‍ ആയിരുന്നെന്നും ചിന്ത ജെറോം കുറിച്ചു.

ചിന്തയുടെ കുറിപ്പ്-

Signature-ad

”മലയാളത്തിന്റെ നടന വിസ്മയം ശ്രീ മധു സാര്‍ 91ാം വയസ്സിലേക്ക് കടക്കുകയാണ്. ലോക സിനിമയ്ക്ക് മുമ്പിലേക്ക് മലയാള സിനിമ എത്തിച്ച അതുല്യ കലാകാരന്‍ മധു സാര്‍ ഓരോ മലയാളിക്കും അഭിമാനമാണ്. ഈ അതുല്യ കലാകാരന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ നേരുമ്പോള്‍ വ്യക്തിപരമായി എനിക്ക് ആരാണ് മധു സാര്‍ എന്ന് കുറിക്കണമെന്ന് തോന്നുന്നു.

എനിക്ക് ആരാണ് മധുസാര്‍ ;
ഞാന്‍ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയിരിക്കുമ്പോള്‍ (ഫാത്തിമ മാതാ നാഷണല്‍ കോളജിലെ രണ്ടാംവര്‍ഷ ഡിഗ്രി ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി) യൂണിവേഴ്‌സിറ്റി യൂണിയന്റെ യൂത്ത് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനത്തിന് ഞാനും ജനറല്‍ സെക്രട്ടറി അരുണ്‍ വികെയും കണ്ണമ്മൂലയിലുള്ള മധു സാറിന്റെ വീട്ടിലെത്തി പരിപാടിക്ക് ക്ഷണിച്ചു. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള മഹാനടനെ നേരിട്ട് കണ്ട വിസ്മയത്തിലായിരുന്നു ഞങ്ങള്‍ രണ്ടു പേരും. വീട്ടില്‍ എത്തിയപ്പോള്‍ വീടിന് പുറകിലുള്ള പറമ്പില്‍ തൊഴിലാളികള്‍ക്കൊപ്പം ജോലിയില്‍ വ്യാപൃതനായി നില്‍ക്കുന്ന സിനിമാതാരം മധുവിനെയാണ് ഞങ്ങള്‍ കണ്ടത്. ഊഷ്മളമായി ഞങ്ങളെ സ്വീകരിച്ചു സ്വീകരണ മുറിയില്‍ ഇരുത്തി.

‘തങ്കം, കുട്ടികള്‍ക്ക് ചായ എടുക്കൂ’ എന്ന് ഭാര്യയോട് പറഞ്ഞു. മധുസാറിന്റെ പ്രിയപത്‌നി ഞങ്ങള്‍ക്കരികില്‍ വന്നു മധുരവും ചായയും എല്ലാം നല്‍കി. ഒരു സിനിമാനടന്റെ വീട്ടില്‍ ഇത്ര വലിയ സ്വീകരണം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഞങ്ങള്‍ തിരികെ സ്റ്റുഡന്‍സ് സെന്ററില്‍ എത്തും വരെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പരിപാടിക്ക് വരാമെന്ന് സമ്മതിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തില്‍ മനോഹരമായി ആ പരിപാടി നടന്നു.

പിന്നീടൊരു ദിവസം ഞാനെന്റെ വീട്ടില്‍ കൊല്ലത്ത് നില്‍ക്കുമ്പോള്‍ എന്റെ ഫോണില്‍ മധു സാറിന്റെ ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു. മോളുടെ നാട്ടില്‍ ഞാനുണ്ട്. ഞാന്‍ പെട്ടെന്ന് ഫോണുമെടുത്ത് പപ്പയുടെ അടുത്ത് ചെന്നു. പപ്പാ, എനിക്ക് സിനിമാതാരം മധുസാര്‍ മെസ്സേജ് അയച്ചിരിക്കുന്നു. കൊല്ലത്തുണ്ടെന്ന്.

പപ്പ ലേശം അത്ഭുതത്തോടു കൂടി ചോദിച്ചു ‘ചെമ്മീനിലെ മധു സാറോ ..? ഞാന്‍ പറഞ്ഞു അതെ ‘
പപ്പ പറഞ്ഞു വീട്ടിലേക്ക് ക്ഷണിക്കൂ അദ്ദേഹം വരുമോ നമ്മുടെ വീട്ടില്‍ …? ഞാന്‍ പറഞ്ഞു
വീട്ടില്‍ വരാം എന്ന സമ്മതത്തോടു കൂടിയുള്ള മെസ്സേജ് ആണ്. ഉടന്‍ തന്നെ ഞാന്‍ മധു സാറിനെ വിളിച്ചു. പരിപാടി കഴിഞ്ഞ് ഇവിടെ എത്തുമെന്ന് പറഞ്ഞു. കൊല്ലത്തെ പരിപാടി കഴിഞ്ഞു സംഘാടകര്‍ക്കൊപ്പം അദ്ദേഹം വീട്ടില്‍ എത്തി. പപ്പയും മമ്മിയും
അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി നില്‍ക്കുകയാണ്. അവരുടെ യൗവ്വന കാലത്തെ നായകന്‍ അവരുടെ വീട്ടിലേക്ക് എത്തുകയാണ്. സ്നേഹപൂര്‍വ്വം ഇവിടെ വന്നു. രണ്ടു മൂന്ന് മണിക്കൂര്‍ പപ്പയുമായി ചിലവഴിച്ചു. അവര്‍ രണ്ടു പേരും വലിയ സൗഹൃദത്തിലായി. ഇടയ്ക്കിടയ്ക്ക് പപ്പ മധു സാറിനെ വിളിക്കും മധുസാര്‍ കൊല്ലം വഴി പോകുന്ന സമയത്ത് സമയം ക്രമീകരിച്ചു വീട്ടില്‍ വരും. ഞാന്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ പോലും മധുസാര്‍ പപ്പയുമായുള്ള സൗഹൃദം തുടര്‍ന്നു.

പപ്പയുടെ മരണം അറിഞ്ഞപ്പോള്‍ തിരക്കുകള്‍ക്കിടയില്‍ നിന്നാണ് മധുസാര്‍ ഓടിയെത്തിയത്. ഏതോ സിനിമാ ചിത്രീകരണത്തില്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചത് അദ്ദേഹം തിരക്കുകള്‍ ഒഴിഞ്ഞ ഒരു ദിവസം വീട്ടിലേക്ക് വരും എന്നാണ്. എന്നാല്‍ വിവരമറിഞ്ഞ് അദ്ദേഹം നില്‍ക്കുന്നിടത്തു നിന്നും യാത്ര ചെയ്തു എത്താന്‍ കഴിയുന്ന സമയം മാത്രം എടുത്ത് കൊണ്ട് വീട്ടിലെത്തി കൊല്ലത്തെ ഭാരതരാഞ്ജി പള്ളിയില്‍ സെമിത്തേരിയില്‍ പപ്പായെ അടക്കുന്നതു വരെയുള്ള എല്ലാ കര്‍മ്മങ്ങളിലും അദ്ദേഹം ഒപ്പം നിന്നു.ഒപ്പം നില്‍ക്കുക മാത്രമല്ല ഒരു കുടുംബാംഗത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് എല്ലാ ചുമതലയും നിര്‍വഹിച്ചത് അദ്ദേഹമായിരുന്നു. തിരിച്ചു മടങ്ങുമ്പോള്‍ കരഞ്ഞു തളര്‍ന്നിരിക്കുന്ന എന്നോട് പറഞ്ഞത് പപ്പ പോയത് മോള്‍ക്ക് വലിയ നഷ്ടമാണ് അത്രയും പറഞ്ഞ് അദ്ദേഹം പോയി.

മരണം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം വിളിച്ചു പഠനം നിന്നു പോകരുത് പിജി പഠനത്തിനുശേഷം തുടര്‍ വിദ്യാഭ്യാസം ചെയ്യണം എല്ലാ ഉത്തരവാദിത്വങ്ങളും പപ്പയുടെ സ്ഥാനത്ത് നിന്ന് ചെയ്യാന്‍ ഞാന്‍ ഉണ്ടാകും എന്ന് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ പിഎച്ച്ഡിക്ക് സിനിമ വിഷയമായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. മധുസാറിന്റെ മകള്‍ ഉമ ചേച്ചിയും സിനിമയിലാണ് പിഎച്ച്ഡി പൂര്‍ത്തീകരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നു അങ്ങനെയാണ് ഗവേഷണത്തിലേക്ക് കടക്കുന്നത്. എനിക്ക് ആദ്യമായി ഉപയോഗിക്കാന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി തന്നത് മുതല്‍ ഇടാനുള്ള നല്ല നല്ല വസ്ത്രങ്ങള്‍ വാങ്ങിത്തരുന്നത് എല്ലാം മധുസാറായിരുന്നു. ഉമ ചേച്ചിയെ പോലെ തന്നെ കൂടെ നിര്‍ത്തി പഠനവും മറ്റെല്ലാ പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടു പോകണമെന്ന് നിരന്തരമായി ഉപദേശിക്കുന്ന വഴികാട്ടിയായി മധുസാറുണ്ട്.

91 ന്റെ നിറവില്‍ എത്തിനില്‍ക്കുകയാണ് നമ്മുടെ അഭിമാനമായ മധു സാര്‍ . അദ്ദേഹം കലാരംഗത്ത് നല്‍കുന്ന സംഭാവനകള്‍ക്കൊപ്പം വ്യക്തിബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിലും വലുപ്പചെറുപ്പമില്ലാതെ എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നതിലും ഒരുവട്ടം പരിചയപ്പെട്ട വ്യക്തിയുടെ പോലും ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് ഹൃദയത്തില്‍ ഇടം കൊടുക്കുന്നതിലും അപൂര്‍വമായ മാതൃക ആണ് . എനിക്കെന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയം സമ്മാനിച്ച അവസരങ്ങളില്‍ അവര്‍ണ്ണനീയമായ ഒന്നായി മധു സാറിനെ പരിചയപ്പെട്ടതും അദ്ദേഹം തന്ന കരുതലും സ്നേഹവും നിലനില്‍ക്കുകയാണ്.

ഇനിയും ഒരുപാട് നാള്‍ മലയാളികളുടെ കലാ മേഖലയില്‍ മധുസാര്‍ നിറഞ്ഞു നില്‍ക്കട്ടെ. എല്ലാവിധ ആയുരാരോഗ്യവും ഐശ്വര്യവും മധുസാറിനും കുടുംബത്തിനും ഉണ്ടാകട്ടെയെന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു.എന്റെ പ്രിയപ്പെട്ട മധുസാറിന് എന്റെയും മമ്മിയുടെയും ഒരായിരം പിറന്നാള്‍ ആശംസകള്‍”.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: